ആയിക്കര ഹാര്‍ബറില്‍ മരിച്ച കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി; പയ്യാമ്പലത്ത് സംസ്‌കരിച്ചു

ആയിക്കര ഹാര്‍ബറില്‍ മരിച്ച കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി; പയ്യാമ്പലത്ത് സംസ്‌കരിച്ചു



കണ്ണൂര്‍: കഴിഞ്ഞ ജൂലൈ മാസം ഏഴിന് കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍ പഴയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. പത്ര, ദൃശ്യമാധ്യമ

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ ഇന്നലെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.

ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൃതദേഹം കഴിഞ്ഞ ഒന്നര മാസക്കാലമായി കണ്ണൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്നത് കഴിഞ്ഞ ദിവസം വാര്‍ത്ത യായിരുന്നു. അജ്ഞാത മൃതദേഹം മറവ് ചെയ്യുന്നതിനുള്ള സൗകര്യം കോര്‍പറേഷന്‍ പരിധിയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്‌കാര പ്രക്രിയ നീളുകയായിരുന്നു.

മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് മരണപ്പെട്ട ബാബുവിന്റെ കായംകുളത്തുള്ള അകന്ന ബന്ധു കണ്ണൂര്‍ ചെറുകുന്നിലുള്ള ബാബുവിന്റെ സഹോദരന്‍ മോഹനന്റെ മക്കളെ വിവരം അറിയിച്ചു. മക്കളായ ഷിനോജ്, മനോജ് എന്നിവര്‍ ഇന്നലെ ഉച്ചക്ക് 3 മണിയോടെ പൊലിസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് കായംകുളത്തുള്ള ബാബുവിന്റെമകന്‍ സുഭാഷിനെ വിവരമറിയിച്ചു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ മകന്‍ സുഭാഷിന്റെ നേതൃത്വത്തില്‍ പയ്യാമ്പലം ശ്മശാനത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ നടത്തി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

വര്‍ഷങ്ങളായി കണ്ണൂര്‍ ആയിക്കരയില്‍ ഉപജീവനം നടത്തുന്ന ബാബു ഫോണ്‍ ഉപയോഗിക്കാത്തതും ബന്ധുക്കളെ കണ്ടെത്തുന്നതില്‍ പൊലീസിന് വെല്ലുവിളിയായിരുന്നു. കായംകുളം പൊലീസ് വഴി നഗരസഭാ കൗണ്‍സിലറെ ഉള്‍പ്പെടെ ബന്ധപ്പെട്ടെങ്കിലും ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.