നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണം 579; 8 മലയാളികൾ അടക്കം 320 ഇന്ത്യക്കാരെ കാണാനില്ല; രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ; മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ നടപടികൾ വേഗത്തിലാക്കാൻ കർശന നിർദ്ദേശം; ഒടുവിൽ വിദേശസഹായം സ്വീകരിക്കാൻ സർക്കാർ തീരുമാനം; ദുരന്ത ഭൂമിയിലെത്തി ഇന്ത്യൻ തിരച്ചിൽ സംഘം

കഠ്മണ്ഡു: നേപ്പാളിലെ മഹാപ്രളയത്തിൽ മരണം 579 ആയി ഉയർന്നു. പ്രളയത്തിൽ ഒലിച്ചുപോയ പ്രദേശങ്ങളിലെ കനത്ത മഴയും, മറ്റൊരു ഹിമതടാകം കൂടി പൊട്ടിയേക്കുമെന്നുള്ള ആശങ്കയും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തിൽ 1924 പേരെ കാണാനില്ലെന്നാണ് നേപ്പാൾ ദുരന്ത നിവാരണ വിഭാഗം നൽകുന്ന ഔദ്യോഗിക വിവരം. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല.
തുടർച്ചയായ മഴയെത്തുടർന്ന് പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാകുന്നതായി നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക‍്‍ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) വ്യക്തമാക്കി. നേപ്പാൾ അതിർത്തിയിലെ ഹിമാലയൻ മലനിരകളിൽ നിന്നാണ് കൂറ്റൻ മഞ്ഞുപാളി അടർന്നു വീണതെന്നും, ഇത് ചൈനയുടെ മേഖലയിൽ നിന്നല്ലെന്നും നേപ്പാളും ചൈനയും ചേർന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നുവാകോട്ട്, ഗോർഖ, തനാഹുൻ, ചിത്വാൻ, നവൽപാർസി, ദാഡിങ് തുടങ്ങിയ സ്ഥലങ്ങളെല്ലാം പ്രളയത്തിൽ പൂർണമായി തകർന്നു തരിപ്പണമായി.
റസുവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾക്ക് അകലെയുള്ള ഭൊട്ടെകോസി നദിയുടെ തീരങ്ങളിൽ നിന്ന് കണ്ടെടുത്തത് അതീവ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ, ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യക്കാരായ 320 പേരെ കാണാനില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എങ്കിലും ഇതൊരു പ്രത്യേക സാഹചര്യമായതിനാൽ കണക്കുകളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയും മന്ത്രാലയം നൽകിയിട്ടുണ്ട്. ഇവർക്കു പുറമേ, ചൈനയുടെ ഭാഗത്ത് ഏകദേശം 400 ഓളം ഇന്ത്യക്കാരുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. അതേസമയം, ദുരന്തമേഖലയിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന 66 മലയാളികളിൽ 58 പേരും സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ 8 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നും നോർക്ക വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം ശക്തമായതിനെ തുടർന്ന്, രക്ഷാപ്രവർത്തനങ്ങളിൽ വിദേശസഹായം സ്വീകരിക്കാൻ ഒടുവിൽ നേപ്പാൾ സർക്കാർ തീരുമാനിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ കടുത്ത പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും അയൽരാജ്യങ്ങളുടെ സഹായം തൽക്കാലം സ്വീകരിക്കേണ്ടെന്നായിരുന്നു നേപ്പാളിന്റെ ആദ്യ നിലപാട്. രാജ്യത്തെ സ്വന്തം സുരക്ഷാ വിഭാഗങ്ങൾ മാത്രം ദൗത്യം കൈകാര്യം ചെയ്താൽ മതിയെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാൽ നിലവിലെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരെയും സാങ്കേതിക പ്രവർത്തകരെയുമാണ് ടണൽ റെസ്ക്യൂ, ഡിഎൻഎ പരിശോധന എന്നിവയ്ക്കായി ഉൾപ്പെടുത്തുന്നത്. യുഎസ്, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നെങ്കിലും എല്ലാവരുടെയും പിന്തുണ നേപ്പാൾ സ്വീകരിച്ചിട്ടില്ല. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
അതേസമയം, തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
