മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാർക്കെതിരെ നടപടി, എആർ ക്യാമ്പിലേക്ക് മാറ്റും


മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാർക്കെതിരെ നടപടി, എആർ ക്യാമ്പിലേക്ക് മാറ്റും


മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസിലെ പ്രതികൾ നടത്തിയ ഓണാഘോഷവുമായി ബന്ധപ്പെട്ട വീഴ്ചയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ തത്കാലത്തേക്ക് എആർ ക്യാമ്പിലേക്ക് മാറ്റും. ജിഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ റീൽ ചിത്രീകരിച്ചപ്പോൾ നടപടി സ്വീകരിക്കാതെ നോക്കിനിന്ന പൊലീസുകാരും ഉൾപ്പെടെയാണ് ആറുപേരെ മാറ്റുന്നത്.

എസ്എച്ച്ഒയുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടി ഐജി തലത്തിൽ തീരുമാനിക്കും. മ്യൂസിയം എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല ഒഴിഞ്ഞിരുന്നു. പൊലീസുകാർക്ക് പ്രതികളുമായി ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ബന്ധമുണ്ടോയെന്നതടക്കം ഡിസിപിയുടെ നേതൃത്വത്തിൽ തുടർ അന്വേഷണം നടത്തും.

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ ഓണാഘോഷം സംഘടിപ്പിക്കുകയും റീൽ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോയെന്നതടക്കം വിശദമായി പരിശോധിക്കണമെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിലെ നിർദേശം. അതേസമയം, പ്രതികൾക്ക് പൊലീസ് വസ്ത്രങ്ങൾ വാങ്ങി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാളയത്തെ കല്യാൺ ടെക്സ്റ്റൈൽസിൽ നിന്ന് മ്യൂസിയം സ്റ്റേഷൻ 68 ഷർട്ടുകൾ വാങ്ങിയിരുന്നു. ഷർട്ടുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട പട്ടികയും പൊലീസ് പരിശോധിച്ചു. എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയുമായി സ്റ്റേഷന് മുന്നിലും ഐപി ബിനുവുമായി സ്റ്റേഷനുള്ളിലും എസ്എച്ച്ഒ സംസാരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.

എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതികൾ പുറത്തുവെച്ച് റീലിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തി ഐജിക്ക് റിപ്പോർട്ട് കൈമാറി.