
തിരുവനന്തപുരം: പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും, ചൈന തീരത്തേക്ക് നീങ്ങുന്നതോടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലേക്കുള്ള കാലവർഷക്കാറ്റിന് വേഗത കൂട്ടും.(Kerala Heavy Rain Alert Typhoon Dolphin Impact Orange Alert Districts)
ഇതിന് പുറമെ ഫിലിപ്പീൻസിന് സമീപമുള്ള ‘കുജിര’ ചുഴലിക്കാറ്റിന്റെ സാന്നിധ്യവും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്. കനത്ത മഴസാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ അതിതീവ്ര മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്തിറങ്ങിയത്. കണ്ണൂർ, വയനാട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 30 സെന്റീമീറ്ററിലധികം മഴ രേഖപ്പെടുത്തി. കണ്ണൂരിലെ ചെറുപുഴയിൽ മാത്രം 43.9 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ശനിയാഴ്ചയോടെ ഡോൾഫിൻ ചുഴലിക്കാറ്റ് ചൈനയിൽ കരതൊട്ട് ദുർബലമാകുന്നതോടെ കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
