കാസര്‍കോടന്‍ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മുറിവുകള്‍ വീണ്ടും നീറുന്നു

37 വര്‍ഷം നീണ്ട ദുരിതപര്‍വ്വത്തിന് ഒടുവില്‍ അന്ത്യം! ദുരന്തത്തിന്റെ ഇരയായി മാറിയ കാസര്‍കോട്ടെ ഷേഖ് ഹസീന വിടവാങ്ങി; തളര്‍ന്നുപോയ 37 കാരിക്ക് സുരേഷ് ഗോപി വീടുനല്‍കി ആശ്വാസമേകിയിട്ടും രോഗങ്ങള്‍ക്ക് മുന്നില്‍ തോറ്റു; എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ മറ്റൊരു കണ്ണീരോര്‍മ്മ കൂടി


കാസര്‍കോട്: കാസര്‍കോടന്‍ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മുറിവുകള്‍ വീണ്ടും നീറുന്നു. ദുരിതബാധിതരുടെ പട്ടികയില്‍ ഒടുവിലത്തെ കറുത്ത വരിയായി മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞു. കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷേഖ് ഹസീന (37) ആണ് രോഗങ്ങളുടെയും ദുരിതങ്ങളുടെയും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയത്.

ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. ഇതിനുപുറമെ, ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ അര്‍ബുദം കൂടി പിടികൂടിയതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കരീംബള്‍ക്കീസ് ദമ്പതികളുടെ മകളാണ്. അഷ്‌റഫ് ഏക സഹോദരനാണ്.

വേദനയും നിരാശയും നിറഞ്ഞ ജീവിതത്തിനിടയിലും പ്രതീക്ഷയുടെ ഒരു കിരണം ഒരിക്കല്‍ ഹസീനയെ തേടിയെത്തിയിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി സിനിമാതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണ് ഹസീനയ്ക്കും കുടുംബത്തിനും സുരക്ഷിതമായൊരു വീട് വച്ചുനല്‍കിയത്. ഒരു തലചായ്ക്കാന്‍ സുരക്ഷിതമായ ഇടം യാഥാര്‍ത്ഥ്യമായെങ്കിലും, വിധി ഏല്‍പ്പിച്ച മാരകരോഗങ്ങളില്‍ നിന്ന് ആ ജീവിതത്തെ കരകയറ്റാനായില്ല.

ഹസീനയുടെ വേര്‍പാട് ഒരു കുടുംബത്തിന്റെ മാത്രം ദുഃഖമല്ല; പതിറ്റാണ്ടുകളായി അവസാനിക്കാത്ത എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഴം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ്. കണക്കുപുസ്തകങ്ങളിലെ ഒരു പേരായി ഒതുങ്ങുന്നതിനപ്പുറം, ജീവിക്കാന്‍ ഏറെ കൊതിച്ചിട്ടും അകാലത്തില്‍ പൊലിഞ്ഞുപോയ ആയിരക്കണക്കിന് ജീവിതങ്ങളുടെ വേദനയാവുകയാണ് ഹസീനയുടെ ഓര്‍മ്മ.