ഊട്ടിയിൽ നിന്ന് നാഗർകോവിലിലേക്ക് പോയ സ്ലീപ്പർ ബസിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് വാഴവരക്കാരൻ ഷാജി കൃഷ്ണൻ

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ സ്ലീപ്പർ ബസിനുള്ളിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് (60) മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഊട്ടിയിൽ നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടി.എൻ.എസ്.ടി.സി) ബസിലാണ് ഷാജി കൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു. രാവിലെ ഗംഗൈകൊണ്ടനിൽ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
