
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനില്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും ഇയാള്‍ക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. റൗഡി ലിസ്റ്റിലുള്ള വ്യക്തിയാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് അവസാന നിമിഷം വിട്ടുനിന്നത്.
ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം പോങ്ങുമൂട് ചേന്തിയില്‍ വെച്ച് ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിള്‍ സൊസൈറ്റി രക്ഷാധികാരി കൂടിയായ അനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന വ്യക്തമായ ഉദ്ദേശത്തോടെയാണെന്നും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവസമയത്തുണ്ടായ നാടകീയ രംഗങ്ങളെക്കുറിച്ച് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്: 'കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയ മുഖ്യമന്ത്രിയെ മുന്നോട്ട് പോകാന്‍ സാധിക്കാത്ത തരത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്, 'ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത്' എന്ന് ഉച്ചത്തില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. ഈ സമയം 'നീ എന്തിനാണ് ദേഷ്യപ്പെടുന്നത്' എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍, 'ചൂടായാല്‍ നീ എന്തു ചെയ്യും' എന്ന് ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും മുഖ്യമന്ത്രിയുടെയും കൂടെയുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.'
പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ശ്രീകാര്യം പൊലീസ് വ്യക്തമാക്കുന്നു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത അനിലിന്റെ അറസ്റ്റ് ശനിയാഴ്ച രാവിലെയാണ് രേഖപ്പെടുത്തിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ചേന്തി അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമാണ്: 'പരിപാടി നടന്ന സ്ഥലത്തു തലേന്നാള്‍ സ്പെഷല്‍ ബ്രാഞ്ചെത്തി പരിശോധന നടത്തിയിരുന്നെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ടെന്നും അനില്‍ പറഞ്ഞു. പത്തു വര്‍ഷത്തിനുശേഷം പാര്‍ട്ടി ഭരണത്തില്‍ വന്നതല്ലേ, ഇതൊക്കെ തന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.' കൂടാതെ താന്‍ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിയാണ് പ്രകോപിതനായി സംസാരിച്ചതെന്നും, ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും തനിക്കെതിരെയുള്ള നടപടിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നും അനില്‍ ആരോപിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ നടന്ന അനാദരവില്‍ കേസിനു പിന്നാലെ കോണ്‍ഗ്രസ് കടുത്ത നടപടി സ്വീകരിച്ചു. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് ചേന്തി അനിലിനെ കോണ്‍ഗ്രസ് ഡിസിസി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ അറിയിച്ചു.
വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി: 'വിവാദമുള്ള ആളുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല. നടുറോഡില്‍ മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു സംസ്‌കാരത്തിനും ചേരാത്ത പ്രവൃത്തിയാണത്. ഇത്തരം നടപടികളുണ്ടായാല്‍ പാര്‍ട്ടിക്ക് സ്വാഭാവികമായും നടപടിയെടുക്കേണ്ടി വരും,' എന്ന് മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ,' എന്നായിരുന്നു വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചുരുങ്ങിയ പ്രതിരിച്ചു .
