മൃതദേഹങ്ങൾ വീടിൻ്റെ വിവിധ ഭാഗങ്ങളിൽ: ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനും കുടുംബവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

മൃതദേഹങ്ങൾ വീടിൻ്റെ വിവിധ ഭാഗങ്ങളിൽ: ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനും കുടുംബവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ 


ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ നഗരത്തിൽ വിരമിച്ച ഹിന്ദു സ്കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂട്ടിയിട്ട വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും അന്വേഷണം ആരംഭിച്ചു.(Bangladesh Family Death, Retired Hindu School Teacher And Family Found Dead In Locked Home)

രങ്പൂർ ജില്ലാ സ്കൂളിലെ മുൻ അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മുതൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വീടന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് പൂട്ട് പൊളിച്ച് അകത്തുകടക്കുകയായിരുന്നു.

അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കോണിപ്പടിയിലും ഗണപതി ചക്രവർത്തിയുടെ മൃതദേഹം വീടിന്റെ ടെറസിലുമാണ് കണ്ടെത്തിയത്. മകന്റെ മൃതദേഹം കട്ടിലിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു. അടുത്തിടെ നിർമ്മിച്ച പുതിയ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്നും മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു