കോഴിക്കോട്: കേരളത്തിന്റെ സ്വന്തം റെയില്‍വേ സോണ്‍ എന്ന ചിരകാല സ്വപ്നത്തിന് വീണ്ടും തിരിച്ചടിയേകി, പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള തന്ത്രപ്രധാനമായ മംഗലാപുരം മേഖല വെട്ടിമാറ്റി മൈസൂരു ഡിവിഷന് കൈമാറാന്‍ റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. സതേണ്‍ റെയില്‍വേയുടെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നായ മംഗലാപുരം ജങ്ഷന്‍ അടക്കമുള്ള ഭാഗങ്ങളാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് മാറ്റപ്പെടുന്നത്.
നിലവില്‍ സതേണ്‍ റെയില്‍വേ പരിധിയിലുള്ള ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിപ്പിക്കുന്നതോടെ, റെയില്‍വേ ഭൂപടത്തില്‍ കേരളത്തിനും സതേണ്‍ റെയില്‍വേക്കും കനത്ത നഷ്ടമാണ് സംഭവിക്കുക. ഇത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും ഭാവി വികസന പദ്ധതികളെയും ഗുരുതരമായി ബാധിക്കും.
റെയില്‍വേ ഭരണത്തിലും അതിര്‍ത്തി നിര്‍ണയത്തിലും കര്‍ണാടക നടത്തുന്ന നിരന്തരമായ ഇടപെടലുകളുടെയും മേല്‍ക്കോയ്മയുടെയും ഒടുവിലത്തെ ഉദാഹരണമാണ് മംഗലാപുരം വെട്ടിമാറ്റുന്ന ഈ നടപടിയെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പാലക്കാട് ഡിവിഷന് സാമ്പത്തിക അടിത്തറയേകിയിരുന്ന പ്രധാന റൂട്ടാണ് ഇതോടെ കൈവിട്ടുപോകുന്നത്.
സംസ്ഥാനത്തിന് ഒരു പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് നിലവിലുള്ള പ്രദേശങ്ങള്‍പോലും നഷ്ടപ്പെടുന്ന ദുരവസ്ഥ. സ്വന്തമായി സോണ്‍ ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍, ഡിവിഷനുകളുടെ വിസ്തൃതി വീണ്ടും ചുരുങ്ങുന്നത് കേരളത്തോടുള്ള അവഗണന വര്‍ധിക്കുന്നതിന്റെ തെളിവാണ്.
പാലക്കാട് ഡിവിഷനില്‍നിന്ന് മംഗലാപുരം എടുത്തുമാറ്റാനുള്ള ഏകപക്ഷീയമായ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (ഡി.ആര്‍.യു.സി.സി.) അംഗം അബ്ദുല്‍റഹ്‌മാന്‍ വള്ളിക്കുന്ന് ആവശ്യപ്പെട്ടു. മലബാറിലെയും കേരളത്തിലെയും റെയില്‍വേ യാത്രക്കാരുടെ താല്പര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് റെയില്‍വേ ബോര്‍ഡിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. ചരക്കുനീക്കത്തിലൂടെയും യാത്രക്കാരില്‍നിന്നും ലഭിച്ചിരുന്ന ഉയര്‍ന്ന വരുമാനം നഷ്ടമാകുന്നത് വരുംകാലങ്ങളില്‍ ഡിവിഷന് ലഭിക്കേണ്ട കേന്ദ്ര വികസന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
നേരത്തെ ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായതോടെ പാലക്കാട് ഡിവിഷന്റെ പ്രവര്‍ത്തനമികവിലും വരുമാനത്തിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. എന്നാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതോടെ ഈ നേട്ടങ്ങളുടെ സാമ്പത്തിക വിഹിതവും നേട്ടങ്ങളും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കുകളിലേക്ക് മാറ്റപ്പെടും.
വടക്കന്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തെയും സമയക്രമത്തെയും ഈ മാറ്റം പ്രതികൂലമായി ബാധിച്ചേക്കും. മലബാര്‍ മേഖലയില്‍നിന്ന് മംഗലാപുരത്തേക്ക് നിലവിലുള്ള സര്‍വീസുകളുടെ നിയന്ത്രണവും വരുംകാല പുതിയ ട്രെയിനുകളുടെ അനുമതിയും മൈസൂരു ഡിവിഷന്റെ കൈകളിലേക്ക് മാറുന്നത് മലബാറിലെ യാത്രക്കാരുടെ യാത്രാദുരിതം ഇരട്ടിയാക്കും.
കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളും എം.പിമാരും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ യാത്രാവകാശങ്ങളെ തൃണവത്കരിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധവും നിയമപരമായ ഇടപെടലുകളും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അബ്ദുല്‍റഹ്‌മാന്‍ വള്ളിക്കുന്ന് വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ പാതകളുടെ അനുമതിയിലും കാലങ്ങളായി നേരിടുന്ന അവഗണനയ്ക്ക് പുറമേ, കൈയിലുള്ള തന്ത്രപ്രധാന റെയില്‍വേ കേന്ദ്രങ്ങള്‍ കൂടി നഷ്ടപ്പെടുന്നത് കേരളത്തിന്റെ റെയില്‍വേ വികസനത്തെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കും. വിഷയം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്നിലെത്തിച്ച് തീരുമാനം പിന്‍വലിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് റെയില്‍വേ സമിതികളുടെ ആവശ്യം.
