
പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കയറി അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ലോറി ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മെക്കാനിക്കിനെയും സഹായിയെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ രണ്ടുപേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ തടി കയറ്റിയ ലോറിക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ടാങ്കർ ലോറിയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
