തിരുവനന്തപുരം ശ്രീകാര്യം ചേന്തിയില്‍ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ അടക്കമുള്ള കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു
Iritty Samachar-
മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തി മോശമായി പെരുമാറി; ഡിസിസി അംഗം ചേന്തി അനില്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്; കോളജ് കുട്ടികള്‍ വഴക്കു കൂടുന്നതുപോലെയുള്ള ശൈലിയാണ് മുഖ്യമന്ത്രിക്കെന്ന് അനിലിന്റെ ആരോപണം; പ്രതിഷേധിച്ചു ചേന്തിയിലെ ചതയദിന പരിപാടി ഉപേക്ഷിച്ചു സംഘാടകര്‍
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം ചേന്തിയില്‍ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ അടക്കമുള്ള കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹം തടഞ്ഞത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിര്‍ത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പ് അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് സംഘാടകര്‍ വാഹനം തടഞ്ഞത്. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു ഇവരുടെ നീക്കം. പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സംഘാടകര്‍ മോശമായി പെരുമാറിയതെന്നാണ് ആരോപണം. ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകള്‍ പറയുകയായിരുന്നു. സംഭവം വഷളായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇടപെട്ടു. ചേന്തി അനിലിനെയും കൂടെയുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകരേയും സുരക്ഷാ ജീവനക്കാര്‍ തള്ളിമാറ്റിയാണ് മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസത്തെ ഔദ്യോഗിക പരിപാടികളുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പരിപാടി ലിസ്റ്റില്‍ ഇല്ലെന്ന് അറിയിച്ചിട്ടും പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മോശം പെരുമാറ്റവും പ്രതിഷേധവും ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് സംഭവത്തില്‍ കേസെടുക്കാന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്നാണ് ചേന്തി അനില്‍ അവകാശപ്പെടുന്നത്. ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എത്തുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍, പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം സ്ഥലത്ത് ഒരുക്കിയിരുന്നതായി ചേന്തി അനില്‍ വ്യക്തമാക്കി. എന്നിട്ടും മുഖ്യമന്ത്രി പരിപാടി ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രദേശവാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അവിടെ കൂടിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിര്‍ത്തി അദ്ദേഹത്തെ പുറത്തിറക്കിയതെന്ന് അനില്‍ വിശദീകരിച്ചു. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി വളരെ ദേഷ്യത്തോടെയാണ് തങ്ങളോട് സംസാരിച്ചതെന്ന് ചേന്തി അനില്‍ ആരോപിച്ചു. കോളജ് കുട്ടികള്‍ വഴക്കു കൂടുന്നതുപോലെ ഉള്ള ശൈലിയാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പീതാംബരക്കുറുപ്പാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിക്കാനായി മുന്നില്‍ നിന്നത്. എന്നാല്‍ അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവര്‍ പീതാംബരക്കുറുപ്പിനെ മാറ്റിനിര്‍ത്തുകയാണ് ഉണ്ടായതെന്നും അനില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും സുരക്ഷാ ജീവനക്കാരുടെയും ഇത്തരത്തിലുള്ള പെരുമാറ്റം വലിയ വിഷമവും നിരാശയും ഉണ്ടാക്കിയതായി സംഘാടകര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ചേന്തിയിലെ പൊതുസമ്മേളനം ഉപേക്ഷിക്കാനും ഈ വര്‍ഷത്തെ ചതയദിന പരിപാടികള്‍ മുഴുവനായി ബഹിഷ്‌കരിക്കാനും സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.