
സൂറിച്ച്: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ സ്പെയിൻ തോൽപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയ കയ്യാങ്കളിയിൽ കടുത്ത നടപടിയുമായി ഫിഫയുടെ അച്ചടക്ക സമിതി. അർജന്റീന ഫുട്ബോൾ അസോസിയേഷനും മൂന്ന് അർജന്റീന താരങ്ങൾക്കും ഒരു സഹപരിശീലകനും സ്പാനിഷ് താരത്തിനുമെതിരെയാണ് ഫിഫ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 യുഎസ് ഡോളർ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തിയിട്ടുണ്ട്.
ഇതിനുപുറമെ, അർജന്റീന തങ്ങളുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളും കാണികളുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി കളിക്കണമെന്നും ഉത്തരവിലുണ്ട്. താരങ്ങൾക്കും പരിശീലകനുമെതിരായ വിലക്കുകൾ സംബന്ധിച്ച്, അർജന്റീനൻ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിൽ നിന്നും മൊളീനയെ 7 മത്സരങ്ങളിൽ നിന്നുമാണ് ഫിഫ വിലക്കിയത്. ഇരുവരും യഥാക്രമം 90,000 യുഎസ് ഡോളർ (ഏകദേശം 86 ലക്ഷം രൂപ) വീതം പിഴയടക്കണം. ഒപ്പം, അർജന്റീനയുടെ മറ്റൊരു താരമായ തിയാഗോ അൽമാഡോ, കയ്യാങ്കളിയിൽ ഏർപ്പെട്ട സ്പാനിഷ് താരം ഗാവി എന്നിവരെ ഒരു മത്സരത്തിൽ നിന്നും വിലക്കിയിട്ടുണ്ട്. ഇരുവരും 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) വീതം പിഴയടക്കേണ്ടതാണ്.
കൂടാതെ അർജന്റീനയുടെ സഹപരിശീലകൻ റോബർട്ടോ അയാലയെ 3 മത്സരങ്ങളിൽ നിന്ന് വിലക്കുകയും 30,000 യുഎസ് ഡോളർ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കായികമത്സരങ്ങളിലെ മാന്യത നഷ്ടപ്പെടുത്തുന്ന പെരുമാറ്റം, ടൂർണമെന്റിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത രീതിയിലുള്ള അനിഷ്ട സംഭവങ്ങൾ, വിവേചനപരവും വംശീയവുമായ അധിക്ഷേപങ്ങൾ, ക്രമസമാധാന-സുരക്ഷാ വീഴ്ചകൾ എന്നിവ കണക്കിലെടുത്താണ് അർജന്റീനയ്‌ക്കെതിരെ ഫിഫ ഈ നടപടികൾ സ്വീകരിച്ചത്.
ഫൈനലിനിടെ അർജന്റീനയുടെ റൈറ്റ് ബാക്ക് ആയ മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ മർദിച്ചതാണ് തർക്കങ്ങളുടെ തുടക്കം. തുടർന്ന് റോഡ്രിയും മറ്റ് സ്പാനിഷ് താരങ്ങളും മൊളീനയുമായി ഏറ്റുമുട്ടുകയും, സ്പാനിഷ് താരം എറിക് ഗാർസ്യ ഇവരെ പിടിച്ചുമാറ്റാൻ എത്തുകയും ചെയ്തു. ഈ സമയത്ത് സ്ഥലത്തെത്തിയ പരദേസ് ഗാർസ്യയെ മർദിക്കുകയും, ഇത് തടയാനെത്തിയ ഗാവിയെ കായികമായി നേരിടുകയുമായിരുന്നു. ഈ സംഘർഷങ്ങളിലാണ് തിയാഗോ അൽമാഡോയും റോബർട്ടോ അയാലയും ഉൾപ്പെട്ടത്.
