തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വേറെ പേരില്‍ ജീവനോടെയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന ചാനല്‍ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്. 24 ന്യൂസ് പുറത്തുവിട്ട വാര്‍ത്തയിലാണ് കേരളാ പോലീസിന്റെ പ്രതികരണം. ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവില്‍ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിശദീകരണം.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാല്‍, നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.
കിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാര്‍ത്തകളാണ് 24 ന്യൂസ് അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടത്. ഒരു സൈബര്‍ വിദഗ്ദ്ധന്‍ എഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോണ്‍ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മലേഷ്യ-ബ്രൂണെ അതിര്‍ത്തിയോട് ചേര്‍ന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്നും 1991 മുതല്‍ വിദേശത്ത് ഒളിവിലായ ഇയാള്‍ നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും വാദമുയര്‍ന്നു.
എന്നാല്‍, ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പോലീസിന് കഴിയില്ല. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശ്ശൂര്‍ സ്വദേശിയായ മറ്റൊരു വ്യക്തിയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എങ്കിലും വിഷയം പോലീസ് ഗൗരവത്തോടെ അന്വേഷിക്കും.
അതേസമയം, തീരുമാനമാകാത്ത പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്നു മാസം മുന്‍പാണ് കേസിലെ ഫയലുകള്‍ വീണ്ടും തുറന്നത്. ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം പുനരാരംഭിച്ചത്.
കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴക്കാരിയായ രത്‌നമ്മ എന്ന നഴ്‌സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നത്. ഇവര്‍ ജോലി ചെയ്ത ആശുപത്രിയില്‍ 40 വയസ്സുള്ളപ്പോള്‍ കുറുപ്പ് കടുത്ത ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഹൃദ്രോഗിയായ ഇയാള്‍ പിന്നീട് ഇങ്ങോട്ടുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് കണക്കാക്കിയത്.
മാത്രമല്ല, കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ഉറ്റ ബന്ധുക്കള്‍ക്ക് നിലവില്‍ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെ, ശാസ്ത്രീയ തെളിവുകളോ മരണ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലെങ്കിലും 'ഇനി ജീവിച്ചിരിക്കാന്‍ വഴയില്ല' എന്ന നിഗമനത്തില്‍ കേസ് ക്ലോസ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് പുതിയ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
1984 ജനുവരി 22-നാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം നടക്കുന്നത്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സുകുമാരക്കുറുപ്പ് സ്വന്തം പേരിലുള്ള എട്ട് ലക്ഷത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി സ്വന്തം രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറില്‍ കയറ്റി, മദ്യം നല്‍കി ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറിലിട്ട് തീക്കൊളുത്തി കുറുപ്പ് മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പോലീസിന് സത്യം മനസ്സിലായി.
കേസിലെ കൂട്ടുപ്രതികളായ ഭാസ്‌കരപിള്ള ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന സൂത്രധാരനായ സുകുമാരക്കുറുപ്പ് അന്തരീക്ഷത്തില്‍ അലിഞ്ഞുപോയതുപോലെ അപ്രത്യക്ഷനാകുകയായിരുന്നു. നാല് പതിറ്റാണ്ടായി പോലീസിന് പിടികൊടുക്കാത്ത ഈ സംഭവത്തില്‍ പുതിയ അവകാശവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് ഏതുവിധേന അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
