അബൂദബി വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ മഫ്‌റഖ് ആശുപത്രിയിൽ

അബൂദബി വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ മഫ്‌റഖ് ആശുപത്രിയിൽ 


അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു (Abu Dhabi accident). മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്‌ലിയാർ (53), കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്‌റഫ് (54) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അബൂദബി മഫ്‌റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ അജ്ഞാതരെന്ന നിലയിലാണ് ഇരുവരെയും പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഷാർജയിൽ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

കാസർകോട് സ്വദേശി മുഹമ്മദ് അഷ്‌റഫ് വർഷങ്ങളായി യുഎഇയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ഹംസ മുസ്‌ലിയാർ സന്ദർശക വിസയിലാണ് യുഎഇയിലെത്തിയത്. ഹംസ മുസ്‌ലിയാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ഹംസ മുസ്‌ലിയാറിന്റെ ഭാര്യ ആരിഫ ഇല്ലിയനാണ്. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.

മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ നസീമയാണ്. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്‌ലമിയ്യ.