സ്നേഹനിധിയായ മകന് രാവിലെ ഉമ്മ നല്‍കി ജോലിക്കുപോയ മാതാപിതാക്കള്‍ക്ക് ഈ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല; കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങി; അമ്പലപ്പുഴയില്‍ തീവണ്ടി തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

സ്നേഹനിധിയായ മകന് രാവിലെ ഉമ്മ നല്‍കി ജോലിക്കുപോയ മാതാപിതാക്കള്‍ക്ക് ഈ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല; കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങി; അമ്പലപ്പുഴയില്‍ തീവണ്ടി തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം


അമ്പലപ്പുഴ: കണ്‍മുന്നില്‍ കളിച്ചുചിരിച്ചുനടന്ന പിഞ്ചോമന റെയില്‍വേ പാളത്തിലേക്ക് ഇഴഞ്ഞുകയറി തീവണ്ടി തട്ടി മരിച്ചതിന്റെ ആഘാതത്തില്‍നിന്ന് കാക്കാഴം ഗ്രാമം ഇനിയും മുക്തമായിട്ടില്ല. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെയും സൂര്യയുടെയും ഏക മകന്‍ ദ്രിനവ് (ഒന്നര) ആണ് ചൊവ്വാഴ്ച വൈകീട്ടോടെയുണ്ടായ ദാരുണ അപകടത്തില്‍ കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് കുഞ്ഞ് അറിയാതെ ഇഴഞ്ഞു കയറുകയായിരുന്നു.


വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ലാത്ത തീരെ ചെറിയ ദുരത്തിലാണെന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റെയില്‍വേ പാളത്തിന് അരികില്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്.


ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ തട്ടിയാണ് കുട്ടി അപകടത്തില്‍പെട്ടത്. മത്സ്യത്തൊഴിലാളിയായ വിനീതും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സൂര്യയും രാവിലെ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. ജോലിക്ക് പോകുമ്പോള്‍ സൂര്യയുടെ വെളിംപറമ്പിലുള്ള കുടുംബവീട്ടിലാണ് കുഞ്ഞിനെ ഏല്‍പ്പിച്ചിരുന്നത്. ഇവിടെവച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.


ജോലികഴിഞ്ഞ് തിരികെയെത്തിയാല്‍ തങ്ങളെ കെട്ടിപ്പിടിക്കാന്‍ ഓടിയെത്തുന്ന കുഞ്ഞുമകന്റെ ദാരുണമായ വേര്‍പാട വിവരമറിഞ്ഞ് അമ്മ സൂര്യ ബോധരഹിതയായി വീണു. മകന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ പിതാവ് വിനീതിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അമ്പലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സ്നേഹനിധിയായ മകന് രാവിലെ ഉമ്മ നല്‍കി ജോലിക്കുപോയ മാതാപിതാക്കള്‍ക്ക് ഈ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നത് കാത്ത് വാതില്‍പടിയില്‍ നില്‍ക്കുന്നത് ദ്രിനവിന്റെ പതിവുകാഴ്ചയായിരുന്നുവെന്ന് കണ്ണീരോടെ അയല്‍വാസികള്‍ ഓര്‍ത്തെടുക്കുന്നു.


അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും വാവിട്ടുള്ള നിലവിളി പ്രദേശം മുഴുവന്‍ വിറങ്ങലിപ്പിച്ചു. കുഞ്ഞിന്റെ വികൃതികളും കുസൃതികളും പറഞ്ഞ് പൊട്ടിക്കരയുന്ന മാതാപിതാക്കളെയും മുത്തശ്ശിയെയും ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ക്കും വാക്കുകളുണ്ടായിരുന്നില്ല.


റെയില്‍വേ പാളത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വീടുകളിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് നേരത്തെയും നാട്ടുകാര്‍ ആശങ്ക പങ്കുവെച്ചിരുന്നു. പാളത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ വേലിയോ സുരക്ഷാ മതിലുകളോ ഇല്ലാത്തത് ഇത്തരം അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.


സംഭവത്തിന് തൊട്ടുപിന്നാലെ അമ്പലപ്പുഴ പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കണ്‍മുന്നില്‍ കളിച്ചുനടന്ന കുരുന്നിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ശോകമൂകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.