വിവേചന രഹിതമായ സാമൂഹിക ക്രമം രൂപപ്പെടുത്താൻ സമഗ്ര ഭൂപരിഷ്കരണ നിയമം നിർമിക്കണം - ഹമീദ് വാണിയമ്പലം

 വിവേചന രഹിതമായ സാമൂഹിക ക്രമം രൂപപ്പെടുത്താൻ സമഗ്ര ഭൂപരിഷ്കരണ നിയമം നിർമിക്കണം - ഹമീദ് വാണിയമ്പലം



 കണ്ണൂർ: വിവേചന രഹിതമായ സാമൂഹിക ക്രമം രൂപപ്പെടുത്താൻ സമഗ്ര ഭൂപരിഷ്കരണ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം.

"ഭൂമിയുടെ രാഷ്ട്രീയം; സാമൂഹികാധികാരം" എന്ന തലക്കെട്ടിൽ ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യൻകാളിയുടെയും ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ചേംബർ ഹാളിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ആദിവാസി - ദലിത് - ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഭൂരാഹിത്യപ്രശ്നം പരിഹരിക്കുന്നതിൽ വിവിധ കാലയളവിലെ ഭരണകൂടങ്ങൾ വഞ്ചനകരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

 കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഫലമായി പതിനായിരക്കണക്കിന് കോളനികൾ രൂപീകരിക്കപ്പെടുകയാണ് ഉണ്ടായത്. ഭൂമിയും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള സാമൂഹികാധികാരങ്ങൾക്ക് വേണ്ടിയാണ് മഹാത്മാ അയ്യൻകാളി നവോത്ഥാന പോരാട്ടങ്ങൾ നയിച്ചത്.

പുതിയ യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്കരണം കേരളത്തിലെ ഭൂരഹിത സമൂഹങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. അത് ഭൂരഹിതരോടുള്ള മറ്റൊരു വഞ്ചനയായി മാറരുത്. 

പാർശ്വവൽകൃത സമൂഹങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയിൽ ഭൂമി വിതരണവും അധികാര പങ്കാളിത്തവും ഉറപ്പുവരുത്തിക്കൊണ്ട് എല്ലാവർക്കും അഭിമാനബോധത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്.

വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സഹവർത്തിത്വവും സൗഹാർദ്ദവും തകർക്കുന്ന വംശീയ രാഷ്ട്രീയവുമായി   ഹിന്ദുത്വ ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിൻ്റെ 'അപരപ്രിയം' എന്ന ആശയം ഫാഷിസത്തിനെതിരായ മൂർച്ചയുള്ള പോരാട്ട ആയുധമാണ്. 

 അപരപ്രിയമെന്നത് വിവിധ ജനവിഭാഗങ്ങളുടെ സഹവർത്തിത്വത്തിലുള്ള ജീവിതവും പങ്കുവെക്കലുമാണ്. സാഹോദര്യം ജീവിതത്തിൻ്റെ ആദർശമായി സ്വീകരിച്ചു കൊണ്ട് സാമൂഹിക നവോത്ഥാനത്തിനു വേണ്ടിയുള്ള ആഹ്വാനം കൂടിയായിരുന്നു ഗുരു നടത്തിയത്. ഗുരുവും അയ്യൻകാളിയും നയിച്ച നവോഥാന മുന്നേറ്റങ്ങളുടെ തുടർച്ച കേരളീയ ജനത ഉറപ്പ് വരുത്തണം.

കേന്ദ്രസർക്കാർ നടത്തുന്ന സെൻസസിൽ പൗരന്മാരുടെ ജാതി - സമുദായവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജാതി സെൻസസ് അട്ടിമറിക്കാനുള്ള ശ്രമമമാണ്. എല്ലാ സംസ്ഥാനങ്ങളിലും വിശദമായ ജാതി - സമുദായ ലിസ്റ്റുകൾ ലഭ്യമായിരിക്കെ ജാതിയുമായി ബന്ധപ്പെട്ട് തീർത്തും അശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ചോദ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സെൻസസ് കമ്മീഷണറുടെ വിജ്ഞാപനത്തിൽ ഉള്ളത്. 

ഇപ്രകാരം ശേഖരിക്കുന്ന ജാതി സംബന്ധമായ വിവരങ്ങൾ കൂടുതൽ അവ്യക്‌തതകൾ സൃഷ്ടിക്കുകയാണ് ചെയ്യുക. കൃത്യമായ വിവരശേഖരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ താല്പര്യം ഈ ചോദ്യാവലിയിൽ പ്രകടമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.