ഗ്രാമത്തിലെ കുളത്തിൽ തലയില്ലാത്ത മൃതദേഹം; അന്വേഷണത്തിൽ പുറത്ത് വന്നത് നരബലി; മൂന്ന് വർഷം മുൻപ് ഉപേക്ഷിച്ച് പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി; പിന്നാലെ പൂജാമുറിയിൽ കുഴിച്ചിട്ടു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ഗ്രാമത്തിലെ കുളത്തിൽ തലയില്ലാത്ത മൃതദേഹം; അന്വേഷണത്തിൽ പുറത്ത് വന്നത് നരബലി; മൂന്ന് വർഷം മുൻപ് ഉപേക്ഷിച്ച് പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി; പിന്നാലെ പൂജാമുറിയിൽ കുഴിച്ചിട്ടു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ



ഭുവനേശ്വർ: യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം പൂജാമുറിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ ഉപേക്ഷിച്ച് പോയ ഭാര്യയെ തിരികെ കൊണ്ട് വരാൻ വേണ്ടിയായിരുന്നു നരബലി. കേസിൽ ശത്രുഘ്ന സാഹു (40) ആണ് അറസ്റ്റിലായത്. ഒഡിഷയിലെ ബൊലാംഗിർ ജില്ലയിലാണ് സംഭവം. ടെബഡമുണ്ട സ്വദേശിയായ സന്തോഷ് ഖാർസെൽ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 18 മുതൽ സന്തോഷ് ഖാർസെലിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ബാഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്നാണ് തലയില്ലാത്ത നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവദിവസം കൊല്ലപ്പെട്ട സന്തോഷ് ഖാർസെലിനെ പ്രതി കണ്ടിരുന്നതായി വ്യക്തമായി.

തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ, മൂന്ന് വർഷം മുമ്പ് തന്നെ ഉപേക്ഷിച്ച് ഭാര്യയെ തിരികെ ലഭിക്കുന്നതിന്റെ ഭാഗമായാണ് നരബലി നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ശത്രുഘ്നന്റെ വീടിന്റെ പൂജാമുറിയിൽ കുഴിച്ചിട്ട നിലയിൽ കൊല്ലപ്പെട്ടയാളുടെ തല കണ്ടെടുത്തു. തുടർന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ മുൻപരിചയമില്ലായിരുന്നെന്നും, സന്തോഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും ബൊലാംഗിർ എസ്.പി. അഭിലാഷ് ജി. അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.