
കാഞ്ഞാണിയില്‍ വീടിന് സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് ആറര പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റിലായി. പടിഞ്ഞാറേ വെമ്പല്ലൂര്‍ കൊള്ളിപ്പറമ്പില്‍ സുജാത (28), പാപ്പിനിവട്ടം സ്വദേശിനിയും പടിഞ്ഞാറേ വെമ്പല്ലൂരില്‍ താമസക്കാരിയുമായ നടവരമ്പത്തു വീട്ടില്‍ റോജ (43) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞാണി പുത്തന്‍കുളം വല്ലത്തുപറമ്പില്‍ സ്വര്‍ണലത (70) ആണ് ക്രൂരമായ തട്ടിപ്പിനിരയായത്.
ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് തട്ടിപ്പുകാര്‍ പുല്‍ത്തൈലം വില്‍ക്കാനെന്ന വ്യാജേന സ്വര്‍ണലതയുടെ വീട്ടിലെത്തിയത്. വീടിരിക്കുന്ന സ്ഥലത്തിന് ഗുരുതരമായ സര്‍പ്പദോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഇവര്‍ വീട്ടമ്മയെ ഭയപ്പെടുത്തുകയായിരുന്നു. സര്‍പ്പകോപം ഒഴിവാക്കാന്‍ സ്വര്‍ണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും നിര്‍മ്മിച്ച് സമര്‍പ്പിക്കണമെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവന്‍ സ്വര്‍ണവും 6,500 രൂപയും പൂജയ്‌ക്കെന്ന പേരില്‍ കൈക്കലാക്കി. ആകെ 6,75,000 രൂപയുടെ നഷ്ടമാണ് കുടുംബത്തിനുണ്ടായത്.
പ്രതികള്‍ മടങ്ങിയ ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം സ്വര്‍ണലതയ്ക്കും കുടുംബത്തിനും മനസ്സിലായത്. ഉടന്‍ തന്നെ ഇവര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടയില്‍ പ്രതികള്‍ തട്ടിയെടുത്ത 48 ഗ്രാം സ്വര്‍ണം ചെന്ത്രാപ്പിന്നിയിലെ ജൂവലറിയില്‍ വിറ്റതായി കണ്ടെത്തുകയും പോലീസ് അത് പൂര്‍ണ്ണമായി വീണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അന്തിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കേഴ്‌സണ്‍ വി. മാര്‍ക്കോസ്, എസ്.ഐ.മാരായ ഹാസിഷ്, റിജി, ഋഷിപ്രസാദ്, സി.പി.ഒ.മാരായ രേഷ്മ, കിരണ്‍, ശ്രീജിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് കേസ് തെളിയിച്ചത്.
