യുവതിയെ രാത്രി ഹൈവേയിൽ ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ



യുവതിയെ രാത്രി ഹൈവേയിൽ ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ


കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ രാത്രിയിൽ ദേശീയപാതയുടെ ഉയർന്ന ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ കർശന നടപടിയുമായി പോലീസ്. സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും ആവശ്യപ്പെട്ട് പയ്യോളി പോലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി. ഋതിക എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ഗുരുതരമായ നിയമലംഘനം നടത്തിയത്.

തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ടിക്കറ്റെടുത്തിരുന്ന യുവതിയെ, സർവീസ് റോഡിലൂടെ പോവേണ്ട ബസ് ഹൈവേയിലൂടെ ഓടിക്കുകയായിരുന്നു. തിക്കോടി ടൗണിലേക്ക് പോവില്ലെന്നും വേണമെങ്കിൽ ഇറങ്ങിക്കോളൂ എന്നും പറഞ്ഞാണ് ജീവനക്കാർ രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. വെട്ടമില്ലാത്തതും ഉയരമുള്ളതുമായ ഹൈവേ ഭാഗത്ത് ഇറങ്ങേണ്ടിവന്നതോടെ എന്തുചെയ്യണമെന്നറിയാതെ യുവതി പരിഭ്രമിച്ചുനിന്നു. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ കോണി വെച്ചാണ് യുവതിയെ ദേശീയപാതയിൽ നിന്ന് താഴേക്ക് ഇറക്കിയത്.

സ്വകാര്യ ബസുകൾക്ക് ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ലെന്ന നിയമവും ഇവർ ലംഘിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ സർവീസ് നടത്തുകയും, രാത്രിയിൽ യാത്രക്കാരിയായ യുവതിയെ വിജനമായ ഹൈവേയിൽ ഇറക്കിവിടുകയും ചെയ്തതോടെയാണ് പോലീസ് ഗതാഗത വകുപ്പിന് കർശന നടപടിക്കായി റിപ്പോർട്ട് നൽകിയത്.