ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സ്വന്തം അധികാരമുപയോഗിച്ചും സ്വകാര്യ ഫ്രീസര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം; എന്നിട്ടും രക്ഷാപ്രവര്‍ത്തന ഹീറോയോട് അനാദരവ്; തിരച്ചില്‍ നടക്കുമ്പോള്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കടുത്ത് തഹസില്‍ദാര്‍; കണ്ണൂരിലെ ദുരന്തനിവാരണ വീഴ്ചയില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നീക്കം



കണ്ണൂര്‍/തിരുവനന്തപുരം: അതിതീവ്ര മഴയില്‍ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കേണ്ട തഹസില്‍ദാര്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് ആഘോഷങ്ങളില്‍ മുഴുകി. മറ്റൊരു ജീവന്‍ രക്ഷിക്കുന്നതിനിടെ സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ പുഴയിലെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിനെ കണ്ടെത്തുന്നതിലും, നാലു ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കാണിച്ച കുറ്റകരമായ അനാസ്ഥയില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് നീക്കം ശക്തമാകുന്നു. മറ്റൊരു ജീവനായി സ്വന്തം ജീവിതം തൃണവല്‍ഗണിച്ച രക്തസാക്ഷിയോട് റവന്യൂ, ആരോഗ്യ വകുപ്പുകളും പ്രാദേശിക ജനപ്രതിനിധികളും കാണിച്ച അനാദരവ് കേവലം നിരുത്തരവാദിത്തമല്ല, മറിച്ച് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.

ദുരന്തത്തില്‍പ്പെട്ടയാളെ കണ്ടെത്താന്‍ സകല സജ്ജീകരണങ്ങളും ഏകോപിപ്പിക്കേണ്ട സമയം തഹസില്‍ദാര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു ആഘോഷിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മതിയായ ഉപകരണങ്ങളോ പരിശീലനം ലഭിച്ച സംഘങ്ങളെയോ തിരച്ചിലിനായി ഇറക്കാതിരുന്ന അധികൃതര്‍, ദിവസങ്ങള്‍ക്ക് ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ മൃതദേഹം കിട്ടിയപ്പോഴും അല്പം പോലും മര്യാദ കാട്ടിയില്ല. 500-ലധികം കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരത്തേക്ക് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കൊണ്ടുപോകാന്‍ ഫ്രീസര്‍ സംവിധാനമില്ലാത്ത സാധാരണ ആംബുലന്‍സാണ് ഏര്‍പ്പാടാക്കിയത്. ഇത്രയും വലിയ ദൂരത്തേക്ക് അഴുകിയ ഭൗതികശരീരം ഫ്രീസറില്ലാതെ അയച്ചത് റവന്യൂ, ആരോഗ്യ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ അപരാധമാണ്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെറുമൊരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മെഡിക്കല്‍ കോളേജിന് സ്വന്തമായി മൊബൈല്‍ മോര്‍ച്ചറി ആംബുലന്‍സ് സംവിധാനമില്ലെന്ന് വ്യക്തമായിട്ടും, പുറത്തുനിന്ന് ആ സൗകര്യമുള്ള ആംബുലന്‍സ് വിട്ടുനല്‍കാന്‍ റവന്യൂ അധികൃതര്‍ തയ്യാറായില്ല. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സ്വന്തം അധികാരമുപയോഗിച്ചും സ്വകാര്യ ഫ്രീസര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അത്തരം നിലപാട് നിഷേധിക്കുകയാണ് ഇയാള്‍ ചെയ്തത്. അഴുകിയ അവസ്ഥയിലുള്ള മൃതദേഹം ഫ്രീസറില്ലാതെ എങ്ങനെയെടുക്കുമെന്ന് ബന്ധുക്കള്‍ കണ്ണീരോടെ പരാതിപ്പെട്ടിട്ടും പ്രദേശത്തെ വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ ഇടപെടാന്‍ കൂട്ടാക്കിയില്ല. ഇതെല്ലാം കളക്ടറുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് കൈകഴുകാനാണ് എം.എല്‍.എ ശ്രമിച്ചത്.

ദുരന്ത വിവരം അറിഞ്ഞ് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് വാര്‍ഡംഗം കെ. മഹേഷും രാജേഷിന്റെ സുഹൃത്തുക്കളും പുളിങ്ങോത്ത് എത്തുമ്പോഴും സംഭവസ്ഥലത്ത് ഭരണസംവിധാനങ്ങളുടെ ഒരു സാന്നിധ്യവും ഉണ്ടായിരുന്നില്ല. ജനപ്രതിനിധിയോ തഹസില്‍ദാരോ ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് മാത്രമല്ല, തിരച്ചില്‍ ഏകോപിപ്പിക്കാന്‍ ഒരു ആലോചനായോഗം പോലും വിളിച്ചുകൂട്ടിയില്ല. പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ നാമമാത്രമായ പരിശോധനയല്ലാതെ, അപകടം പിടിച്ച വെള്ളത്തില്‍ ജീവന്‍ പണയംവെച്ച് തിരച്ചിലിനിറങ്ങിയത് തിരുവനന്തപുരത്തുനിന്നെത്തിയ സുഹൃത്തുക്കളും നാട്ടുകാരും മാത്രമായിരുന്നു. ഇത്രയും ഗുരുതരമായ ദുരന്തമുണ്ടായിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് താന്‍ വിവരമറിഞ്ഞതെന്ന ജനപ്രതിനിധിയുടെ വാക്കുകള്‍ വിവരശേഖരണത്തിലെ വലിയ അനാസ്ഥ വ്യക്തമാക്കുന്നു.

സംഭവം വന്‍ വിവാദമാവുകയും അനാസ്ഥയുടെ ആഴം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്തതോടെ, മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഒടുവില്‍ സമ്മതിച്ചു. ഫ്രീസര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കുന്നതിന് പണം തടസ്സമായിരുന്നില്ലെന്നും, സുസജ്ജമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കനത്ത നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നുമാണ് കളക്ടറുടെ ന്യായീകരണം. ഇത്രയും വ്യക്തമായ നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ ഇത് നടപ്പിലാക്കിയില്ല എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പയ്യന്നൂര്‍ തഹസില്‍ദാരില്‍ നിന്ന് എ.ഡി.എം വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തസാക്ഷിയായ കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിന്റെ മൃതദേഹത്തോടും ബന്ധുക്കളോടും കാണിച്ച അനാദരവില്‍ സംസ്ഥാന സര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അനാസ്ഥ കാണിച്ച തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റൊരു ജീവന്‍ ബാക്കിയാക്കാന്‍ സ്വന്തം ആയുസ്സ് പണയംവെച്ച രാജേഷിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ദുരന്തനിവാരണത്തില്‍ വീഴ്ചവരുത്തിയവര്‍ക്ക് മാപ്പില്ലെന്നും, രാജേഷിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സാമ്പത്തിക-സാമൂഹിക സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നും റവന്യൂ മന്ത്രി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരു ദുരന്തമുണ്ടാകുമ്പോള്‍ മേലാളന്മാര്‍ ഉത്തരവുകള്‍ ഇറക്കുകയും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം മറന്ന് ആഘോഷങ്ങളില്‍ മുഴുകുകയും ചെയ്യുന്ന നിലവാരമില്ലാത്ത ഭരണസമ്പ്രദായത്തിന്റെ നേര്‍ചിത്രമാണ് പയ്യന്നൂരില്‍ കണ്ടത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഒരു ദുരന്തമുഖത്ത് എന്ത് മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ പ്രതിഫലനമാണിത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം ഫ്രീസറില്ലാതെ മണിക്കൂറുകള്‍ നീളുന്ന യാത്രയ്ക്ക് അയക്കുമ്പോള്‍ ആ ഭരണകൂടത്തിന്റെ സാര്‍വത്രികമായ പരാജയമാണ് അവിടെ അനാവരണം ചെയ്യപ്പെട്ടത്.

മൃതദേഹം അടിയന്തരമായി കൊണ്ടുപോകാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യാനോ അതിനുള്ള ഫണ്ട് അനുവദിക്കാനോ ജില്ലാ ഭരണകൂടത്തിന് യാതൊരു തടസ്സവുമില്ലാതിരുന്നിട്ടും, കേവലം ഒരു തഹസില്‍ദാറുടെ നിഷേധാത്മക നിലപാടാണ് സ്ഥിതി വഷളാക്കിയത്. കളക്ടറുടെ ഉത്തരവുകള്‍ പോലും വിലവെക്കാതെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന് നല്‍കുന്ന ശിക്ഷ, വരുംദിവസങ്ങളില്‍ ദുരന്തനിവാരണ സേനകള്‍ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പായി മാറേണ്ടതുണ്ട്.

കല്ലിയൂരിലെ സാധാരണക്കാരനായ രാജേഷ് കാണിച്ച ധീരതയ്ക്ക് മുന്നില്‍ ഭരണകൂടം തോറ്റുപോയ നിമിഷങ്ങളാണിത്. എ.ഡി.എം സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ അതോ സാധാരണപോലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ സംരക്ഷിച്ച് കേസ് ഒതുക്കിതീര്‍ക്കുമോ എന്നാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്.