ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി അഡ്വ. ചിന്ത ജെറോമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് നടത്തിയ പരിഹാസ പ്രതികരണവും അതിന് ചിന്ത ജെറോം നല്‍കിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഡിവൈഎഫ്‌ഐയില്‍ വനിതാ അധ്യക്ഷ വരുന്നത് നല്ല കാര്യം, പക്ഷേ തെരുവിലൂടെ നാട്ടുകാര്‍ കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് മന്ത്രി ഓ ജെ ജെനീഷ്; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മന്ത്രിയായത് സ്വാഗതാര്‍ഹം, വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ചിന്ത ജെറോം; സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി വാക്‌പോര്



കൊല്ലം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി അഡ്വ. ചിന്ത ജെറോമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് നടത്തിയ പരിഹാസ പ്രതികരണവും അതിന് ചിന്ത ജെറോം നല്‍കിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഡിവൈഎഫ്‌ഐയില്‍ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്നായിരുന്നു മന്ത്രി ഓ ജെ ജനീഷ് പ്രതികരിച്ചത്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകള്‍ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളില്‍ യൂത്ത് കോണ്‍ഗ്രസിലും അവസരമുണ്ടെങ്കില്‍ വനിതകള്‍ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാര്‍ക്ക് കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും ജെനീഷ് പറഞ്ഞു.

പിന്നാലെ മന്ത്രിയുടെ ഈ പരിഹാസത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ മറുപടിയുമായി ചിന്ത ജെറോം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഒരു യുവാവ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായത് സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയാണ് ചിന്ത പോസ്റ്റ് ആരംഭിച്ചത്. എന്നാല്‍, വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത ജറോം കുറിച്ചു.

ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ മുന്നില്‍ നിര്‍ത്തി നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കുന്ന നിലപാട് ഒരു മന്ത്രി എന്ന നിലയില്‍ സ്വീകരിക്കരുതെന്ന് ചിന്ത ഓര്‍മ്മിപ്പിച്ചു. തങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെ പുറകില്‍ നിന്ന് ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാക്കി, അത് ഏറ്റുവിളിക്കാതെ തടയാനും ഇനി ആവര്‍ത്തിക്കരുതെന്ന് പറയാനുമുള്ള ആര്‍ജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അവര്‍ കുറിച്ചു. നേരത്തെ ഒരു പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തെ പരാമര്‍ശിച്ചായിരുന്നു ഒ.ജെ. ജനീഷ് വിമര്‍ശനം ഉന്നയിച്ചിരുന്നത്. എന്നാല്‍ ആ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് കണ്ട് അപ്പോള്‍ത്തന്നെ തിരുത്താന്‍ തയാറായ സംഘടനാ പാരമ്പര്യമാണ് തങ്ങളുടേതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത ജനീഷിന് മറുപടി നല്‍കിയത്. ഈ വിഷയം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വേദികളിലും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

തൃശൂരില്‍ നടന്ന 16-ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതയെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം പ്രഖ്യാപിച്ച പുതിയ ഭാരവാഹികളില്‍ എം. വിജിന്‍ എംഎല്‍എയാണ് സംസ്ഥാന സെക്രട്ടറി. അഡ്വ. ആര്‍. രാഹുല്‍ (ട്രഷറര്‍), മുന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) എന്നിവരും പുതിയ നേതൃത്വത്തിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്..

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്..

എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..

താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

മന്ത്രി എന്ന നിലയില്‍ ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കരുത്

NB:ഞങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ പുറകില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവര്‍ത്തിക്കരുത് എന്ന് പറയാനുമുള്ള ആര്‍ജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം..