പ്രവര്‍ത്തന പ്രതിസന്ധിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നതിനിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സ്‌പൈസ്‌ജെറ്റ് അധികൃതര്‍ക്കെതിരെ കടുത്ത നിലപാടുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍)

വിമാന സര്‍വീസ് തടസ്സപ്പെടുന്നതിനെ ന്യായീകരിക്കാന്‍ കാലാവസ്ഥയുടെ മറപിടിക്കുന്നത് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍; മറ്റ് ഒരു എയര്‍ലൈനുകളും കാലാവസ്ഥാ വ്യതിയാനം കാരണം സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്തിട്ടില്ല; കൊച്ചിയില്‍ കാലാവസ്ഥാ പ്രശ്നങ്ങളില്ല, വ്യാജപ്രചാരണവുമായി സ്‌പൈസ്‌ജെറ്റ്: കടുത്ത മുന്നറിയിപ്പുമായി സിയാല്‍; സ്‌പൈസ് ജെറ്റ് നെടുമ്പാശ്ശേരിക്കുണ്ടാക്കുന്നത് വന്‍ തലവേദന



കൊച്ചി: പ്രവര്‍ത്തന പ്രതിസന്ധിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നതിനിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സ്‌പൈസ്‌ജെറ്റ് അധികൃതര്‍ക്കെതിരെ കടുത്ത നിലപാടുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍). കൊച്ചിയിലെ മോശം കാലാവസ്ഥ മൂലമാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതെന്ന കമ്പനിയുടെ അവകാശവാദം തള്ളി സിയാല്‍ ഔദ്യോഗിക യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വിമാനങ്ങള്‍ റദ്ദാക്കിയതിനും വൈകിയതിനും കാരണം മോശം കാലാവസ്ഥയാണെന്ന രീതിയില്‍ സ്‌പൈസ്‌ജെറ്റ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് സിയാല്‍ വ്യക്തമാക്കി. എയര്‍ലൈനിന്റെ പ്രവര്‍ത്തന തടസ്സങ്ങള്‍ മൂലം അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ തടസ്സപ്പെടുകയും യാത്രക്കാര്‍ കടുത്ത ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സിയാല്‍ പരസ്യമായി രംഗത്തെത്തിയത്. നിലവില്‍ കൊച്ചിയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെടേണ്ട രീതിയിലുള്ള യാതൊരു കാലാവസ്ഥാ പ്രശ്നങ്ങളും ഇല്ലെന്ന് സിയാല്‍ പ്രസ്താവനയില്‍ ഉറപ്പിച്ചുപറയുന്നു. വിമാന സര്‍വീസ് തടസ്സപ്പെടുന്നതിനെ ന്യായീകരിക്കാന്‍ കാലാവസ്ഥയുടെ മറപിടിക്കുന്നത് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സ്‌പൈസ്‌ജെറ്റ് ചൂണ്ടിക്കാണിക്കുന്ന അതേ സമയപരിധിക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് ഒരു എയര്‍ലൈനുകളും കാലാവസ്ഥാ വ്യതിയാനം കാരണം സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ സിയാല്‍ നല്‍കിയ മുന്നറിയിപ്പിലൂടെ സ്‌പൈസ്‌ജെറ്റിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊച്ചിയില്‍ നിന്നുള്ള സ്‌പൈസ്‌ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം നിരവധി വിമാനങ്ങള്‍ തുടര്‍ച്ചയായി മുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വിദേശത്തു ജോലിക്ക് പോകേണ്ടവരും കൃത്യസമയത്ത് എത്തിച്ചേരേണ്ടവരുമായ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ അനിശ്ചിതത്വത്തിലായത്.

കടുത്ത യാത്രാദുരിതം നിലനില്‍ക്കുമ്പോഴും യാത്രക്കാരുടെ പരാതികളും ആശങ്കകളും തൃപ്തികരമായ രീതിയില്‍ പരിഹരിക്കാന്‍ സ്‌പൈസ്‌ജെറ്റ് മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല. ദിവസങ്ങള്‍ കഴിയുംതോറും വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും സിയാല്‍ വ്യക്തമാക്കുന്നു. സ്വന്തം ഭാഗത്തുനിന്നുണ്ടാകുന്ന സാങ്കേതികവും പ്രവര്‍ത്തനപരവുമായ വീഴ്ചകള്‍ മറച്ചുവെക്കാനാണ് എയര്‍ലൈന്‍ അധികൃതര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. യാത്രാ തടസ്സങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

എയര്‍ലൈന്റെ വീഴ്ചകള്‍ക്കിടയിലും പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ആവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും വിമാനത്താവളത്തില്‍ ലഭ്യമാക്കുന്നുണ്ടെന്ന് സിയാല്‍ അറിയിച്ചു. ഉത്തരവാദിത്തമുള്ള വിമാനത്താവള ഓപ്പറേറ്റര്‍ എന്ന നിലയില്‍ ദുരിതത്തിലായ യാത്രക്കാര്‍ക്ക് പരമാവധി സഹായവും ആശ്വാസവും എത്തിക്കാന്‍ സിയാല്‍ മുന്‍കൈ എടുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്‌പൈസ്‌ജെറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പായി സര്‍വീസിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ചു ഉറപ്പുവരുത്തണമെന്ന് സിയാല്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനം റദ്ദാക്കിയിട്ടുണ്ടോ അതോ വൈകുന്നുണ്ടോ എന്ന് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട് അറിയേണ്ടതുണ്ട്.

വിമാന സര്‍വീസുകള്‍ അടിക്കടി തടസ്സപ്പെടുകയും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവാകുന്ന പശ്ചാത്തലത്തില്‍, വ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായിട്ടുണ്ട്.