ഐഫോണിന്റെ ഇഎംഐയെ ചൊല്ലി തർക്കം; മലമുകളിൽ നിന്ന് ചാടുമെന്ന് 18-കാരന്റെ ഭീഷണി; വിവരമറിഞ്ഞ് ആളുകൾ തടിച്ചുകൂടി; പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി പിതാവും താഴ്ചയിലേക്ക്; ഭർത്താവിന്റേയും മകന്റേയും മരണം കണ്മുന്നിൽ കണ്ട മാനസികാഘാതത്തിൽ അമ്മയും ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ ഐഫോണിന്റെ ഇഎംഐയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 18 വയസ്സുകാരനായ കുനാലും മാതാപിതാക്കളായ മുരളീധറും സംഗീതയുമാണ് ഇതേതുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
ഐഫോൺ വാങ്ങിയ കുനാലിന് അതിന്റെ പ്രതിമാസ ഇഎംഐ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവിൽ കുനാൽ സമീപത്തെ തിസ്ഗാവ് മലയുടെ മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്താൻ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു.
താൻ മരിക്കാൻ പോവുകയാണെന്ന് കുനാൽ ആവർത്തിച്ചുകൊണ്ടിരുന്നു. അമ്മയെ ഓർത്തെങ്കിലും മടങ്ങിവരാൻ മുൻ സർപഞ്ച് സഞ്ജയ് ജാധവ് അടക്കമുള്ളവർ അഭ്യർത്ഥിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയവരിൽ ഒരാൾ കുനാലിന് പുതിയ ഐഫോൺ വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും കുനാലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.
തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അച്ഛൻ മുരളിധർ മലകയറി കുനാലിന്റെ സമീപമെത്തി കൈപിടിച്ച് വലിച്ചുകയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഇരുവർക്കും ബാലൻസ് തെറ്റുകയും രണ്ടുപേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും കൺമുന്നിൽ വീണത് കണ്ട മാനസികാഘാതത്തിൽ സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
