
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ കോടികളുടെ അഴിമതിക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിവാദ ഉദ്യോഗസ്ഥന്‍ കെ.എ. രതീഷ് ഒടുവില്‍ നാണംകെട്ട് പടിയിറങ്ങുന്നു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് രാജി. മറ്റുപദവികളും അദ്ദേഹത്തിന് ഉടന്‍ നഷ്ടമാകും. ഖാദി ബോര്‍ഡ് സെക്രട്ടറി വിചാരണ നടപടികള്‍ നേരിടുന്ന ഐക്കണിക് അഴിമതിക്കാരനായ രതീഷിനോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത തിരിച്ചടിയും കടുത്ത വിമര്‍ശനവും നേരിട്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ അടിയന്തര ഇടപെടല്‍.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ രതീഷ്, തിങ്കളാഴ്ച ഖാദി ബോര്‍ഡിലെ ജീവനക്കാരുടെ യോഗം വിളിച്ച് ഔദ്യോഗികമായി വിടപറയാനാണ് തീരുമാനിച്ചിരിക്കുന്നത്. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള ഒരാള്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദവികളില്‍ തുടരുന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് രാജി ആവശ്യപ്പെട്ടത്. കശുവണ്ടി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന കെ.എ. രതീഷ്, 65 വയസ്സ് പിന്നിട്ടിട്ടും ഖാദി ബോര്‍ഡ് സെക്രട്ടറി, റൂട്രോണിക്‌സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ എന്നീ മൂന്ന് സുപ്രധാന പദവികളാണ് ഒരേസമയം കൈയാളിക്കൊണ്ടിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച വന്‍ സംരക്ഷണം പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തുടരുന്നതിനെതിരെ തുടക്കം മുതല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിയായ ഒരാളെ എന്ത് മാനദണ്ഡത്തിലാണ് ഇത്രയും സുപ്രധാന പദവികളില്‍ ഇരുത്തിയിരിക്കുന്നത് എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് കടുപ്പത്തില്‍ ചോദിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച ഒരാള്‍ക്ക് പദവിയില്‍ തുടരാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും, അഴിമതിക്ക് സാധ്യതയുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ഇയാളെ പ്രതിഷ്ഠിച്ചതിലെ അമ്പരപ്പും കോടതി പ്രകടിപ്പിച്ചു. പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വിജിലന്‍സ് ക്ലിയറന്‍സോ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങളോ പാലിക്കാതെ 11 വര്‍ഷത്തിലേറെയായി ഇയാള്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുകയാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 65 വയസ്സ് പ്രായപരിധി നിശ്ചയിച്ചിട്ടും രതീഷിന് ഈ സൗജന്യങ്ങള്‍ നല്‍കിയതില്‍ ഭരണകേന്ദ്രങ്ങളില്‍ തന്നെ അമര്‍ഷ പുകയുകയായിരുന്നു.
കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി ഉറപ്പാണെന്നും സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് ഇത് കനത്ത പ്രഹരമാകുമെന്നും ബോധ്യപ്പെട്ടതോടെയാണ് രതീഷിനോട് ഉടനടി രാജിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. ഇതിനുമുന്‍പായി തന്റെ പദവികള്‍ നിലനിര്‍ത്താന്‍ പുതിയ മന്ത്രിമാരെ കയ്യിലെടുക്കാന്‍ രതീഷ് വന്‍ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. സാധാരണ സംസ്ഥാനതലത്തില്‍ മാത്രം നടത്താറുള്ള ഖാദി മേള ഇത്തവണ എല്ലാ ജില്ലകളിലും പ്രത്യേകം സംഘടിപ്പിച്ചായിരുന്നു രതീഷിന്റെ തന്ത്രം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയെക്കൊണ്ട് നടത്തിക്കാന്‍ നോക്കിയെങ്കിലും വി.ഡി. സതീശന്‍ അതില്‍ നിന്ന് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറി. എന്നാല്‍ മറ്റ് മന്ത്രിമാരായ കെ. മുരളീധരന്‍, രമേഷ് ചെന്നിത്തല, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം വേദി പങ്കിടാന്‍ രതീഷിന് സാധിച്ചിരുന്നു.
തന്റെ പ്രധാന രക്ഷാധികാരിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ മലപ്പുറത്തെ ജില്ലാ മേളയിലേക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട രതീഷിന് പക്ഷേ വിചാരിക്കാത്ത പ്രഹരമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വഴിമധ്യേ രതീഷിനോട് ആലുവയിലേക്ക് തിരിച്ചെത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടിക്കൊപ്പം വേദി പങ്കിടാനുള്ള അവസരം കൈവിട്ടു. മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യം ബോധിപ്പിക്കാനും കാലുപിടിക്കാനുമായി ആലുവയിലെ വീട്ടിലെത്തിയെങ്കിലും രതീഷിനെ കാണാന്‍ വി.ഡി. സതീശന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കൈവശമുള്ള മുഴുവന്‍ സുപ്രധാന പദവികളില്‍ നിന്നും ഉടനടി രാജിവെക്കാന്‍ മുഖ്യമന്ത്രി നേരിട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കേബിള്‍ ടിവി ഫ്രാഞ്ചൈസി നടത്തിപ്പുകാരനില്‍ നിന്ന് വളര്‍ന്ന രതീഷ്, 2002-ല്‍ ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ എം.ഡി ആയിരിക്കെ ക്രമക്കേട് ആരോപണത്തില്‍ പുറത്തായ വ്യക്തിയാണ്. പിന്നീട് കാപെക്‌സ്, കാഷ്യു കോര്‍പ്പറേഷന്‍ എന്നിവയുടെ ചുമതലകള്‍ കൈക്കലാക്കി. കശുവണ്ടി കോര്‍പ്പറേഷന്‍ എം.ഡി ആയിരുന്ന 2005-2015 കാലയളവിലാണ് കേസിനാസ്പദമായ കോടികളുടെ കശുവണ്ടി ഇറക്കുമതി അഴിമതികള്‍ നടന്നത്. പിന്നീട് കിഡില്‍, ഇന്‍കെല്‍, കെ.ഇ.ഐ.ഡി (KEID) തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ മാറിമാറി നിയമനം നേടി. എറണാകുളം മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണത്തിലെ വീഴ്ചകളുടെ പേരിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. നിലവില്‍ ഖാദി ബോര്‍ഡിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തുണി വാങ്ങിയതിലും കടകളുടെ നവീകരണത്തിലും കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.
അതേസമയം, കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ രതീഷ്, മൂന്നാം പ്രതിയും ഐ.എന്‍.ടി.യു.സി നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ സി.ബി.ഐ നടപടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സി.ബി.ഐ, വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റാന്‍ അപേക്ഷയും സമര്‍പ്പിച്ചു കഴിഞ്ഞു.
കേവലം രാജി കൊണ്ടുമാത്രം രതീഷിന്റെ അഴിമതിക്കഥകള്‍ അവസാനിപ്പിക്കരുത് എന്ന ആവശ്യവും ശക്തമാണ്. പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തി ഇയാള്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലിരുന്ന് നടത്തിയ അഴിമതികളും അനധികൃത സ്വത്തുസമ്പാദനവും കണ്ടെത്തണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത് .
