മാസപ്പടി കേസ്: റിയാസിന്റെ സുഹൃത്തിന്റെ വസതിയടക്കം എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്; മുന്‍ ഡി.ടി.പി.സി. കോഓര്‍ഡിനേറ്ററുമായ നന്ദുലാലിന്റെ വസതിയിലും ഇഡി ഇരച്ചുകയറി; ഡി വൈ എഫ് ഐ നേതാവ് നിഖിന്റെ വീട്ടിലും പരിശോധന; വീണയുടെ ഭര്‍ത്താവ് റിയാസിലേക്കും അന്വേഷണം; കരിമണലില്‍ വീണ്ടും 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; അറസ്റ്റുകള്‍ക്ക് ഇനി സാധ്യത

മാസപ്പടി കേസ്: റിയാസിന്റെ സുഹൃത്തിന്റെ വസതിയടക്കം എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്; മുന്‍ ഡി.ടി.പി.സി. കോഓര്‍ഡിനേറ്ററുമായ നന്ദുലാലിന്റെ വസതിയിലും ഇഡി ഇരച്ചുകയറി; ഡി വൈ എഫ് ഐ നേതാവ് നിഖിന്റെ വീട്ടിലും പരിശോധന; വീണയുടെ ഭര്‍ത്താവ് റിയാസിലേക്കും അന്വേഷണം; കരിമണലില്‍ വീണ്ടും 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; അറസ്റ്റുകള്‍ക്ക് ഇനി സാധ്യത


കൊച്ചി: രാഷ്ട്രീയ-വ്യവസായ മേഖലകളില്‍ വലിയ കൊടുങ്കാറ്റ് ഉയര്‍ത്തിയ കരിമണല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. കോഴിക്കോട് ഉള്‍പ്പെടെ എട്ടോളം കേന്ദ്രങ്ങളിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത്. കേസിലെ നിര്‍ണ്ണായക അറസ്റ്റുകള്‍ ഇനിയുണ്ടാകും.

കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ റെയ്ഡുകളില്‍ ഭൂരിഭാഗവും നടക്കുന്നത്. ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള നാലംഗ പ്രത്യേക സംഘമാണ് കോഴിക്കോട്ടെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ശേഖരിക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തും മുന്‍ ഡി.ടി.പി.സി. കോഓര്‍ഡിനേറ്ററുമായ നന്ദുലാലിന്റെ വസതിയിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നുണ്ട്. നന്ദുലാലിന് മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖരുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും മുന്‍കാല ഇടപാടുകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഡി വൈ എഫ് ഐ നേതാവ് നിഖിന്റെ വീട്ടിലും റെയ്ഡുണ്ട്. റിയാസിന്റെ കൂട്ടുകാരനാണ് നിഖിലും.

മാസപ്പടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റെയ്ഡുകള്‍ എന്നാണ് സൂചന. പ്രതികളാക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിചാരണയ്ക്ക് മുന്നോടിയായി കൃത്യമായ ചാര്‍ജ്ജ് ഷീറ്റ് നല്‍കുന്നതിന് ശക്തമായ ഡിജിറ്റല്‍, സാമ്പത്തിക തെളിവുകള്‍ ആവശ്യമുണ്ട്. അതിനുള്ള നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തുകയാണ് ഇ.ഡിയുടെ പ്രാഥമിക ലക്ഷ്യം.

കെ.എം.എം.എല്‍., കെ.എസ്.ഐ.ഡി.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനും ഇടയില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. സേവനങ്ങള്‍ നല്‍കാതെ തന്നെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് ഈ കേസിലെ പ്രധാന വിഷയം.

ഇതിനോടകം തന്നെ സി.എം.ആര്‍.എല്‍. അധികൃതരില്‍ നിന്നും ബാങ്ക് അധികൃതരില്‍ നിന്നും നിരവധി രേഖകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് നടത്തിയ പരിശോധനകളില്‍ ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടിരിക്കുന്നത്.

വിവിധ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ക്ക് മധ്യസ്ഥത വഹിച്ചവര്‍, മുന്‍കാലങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചവര്‍ തുടങ്ങിയവരെല്ലാം ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ഇന്നത്തെ റെയ്ഡില്‍ ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരങ്ങള്‍.

രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളായി തുടരുകയാണ്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ ഓരോ കേന്ദ്രങ്ങളിലും പരിശോധന പൂര്‍ത്തിയാക്കുന്നത്. പ്രാദേശിക പൊലീസിനെ മുന്‍കൂട്ടി അറിയിക്കാതെ തികച്ചും രഹസ്യമായാണ് ഇ.ഡി. സംഘം പരിശോധനയ്ക്കായി എത്തിയത്.

അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണിതെന്ന ആരോപണവുമായി ഭരണകക്ഷി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും മുന്‍നിര്‍ത്തി മാത്രമാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിശദീകരണം.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ കേസില്‍ കൂടുതല്‍ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത വരും.