
തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം ആലാപനത്തെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. സ്വാതന്ത്ര്യദിന ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിവിധ തദ്ദേശ സ്ഥാപനങ്ങളും തമ്മില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതാണ് തര്‍ക്കത്തിന് വഴിവെച്ചത്. തിരുവനന്തപുരം നഗരസഭയില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ നിന്നും ഇത് ഒഴിവാക്കി. അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ആലാപനത്തെച്ചൊല്ലി പരസ്യമായ ചേരിതിരിവും പ്രതിഷേധവും അരങ്ങേറി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഒഴിവാക്കിയത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്ത ചടങ്ങില്‍ പതാക ഉയര്‍ത്തലിന് ശേഷം ദേശീയഗാനം മാത്രമാണ് ആലപിച്ചത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, ദേശീയഗാനം മാത്രം മതി എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനു വിപരീതമായി തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഔദ്യോഗികമായി ആലപിച്ചു. രാജ്യത്തെ ജനങ്ങള്‍ വലിയൊരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും നഗരസഭ ഏറെ പ്രതീക്ഷ നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നും പതാക ഉയര്‍ത്തിയ ശേഷം മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി.
അതേസമയം, കോഴിക്കോട് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം വന്ദേമാതരം ചൊല്ലുന്നതിനെച്ചൊല്ലിയുള്ള കൗണ്‍സിലര്‍മാരുടെ ചേരിതിരിവിന് വേദിയായി. ദേശീയ പതാക ഉയര്‍ത്തിയ ശേഷം മേയറുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയഗാനം ആലപിച്ച അതേസമയത്ത് തന്നെ, മറുവശത്ത് അണിനിരന്ന ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉറക്കെ വന്ദേമാതരം ചൊല്ലി പ്രതിഷേധിക്കുകയായിരുന്നു. മേയറും സംഘവും ദേശീയഗാനം പൂര്‍ത്തിയാക്കുന്നതിനൊപ്പമാണ് ബി.ജെ.പി അംഗങ്ങള്‍ വന്ദേമാതരം ആലപിച്ചത്.
വന്ദേമാതരം ആലപിക്കുമെന്ന വിവരം മുന്‍കൂട്ടി മേയറെ അറിയിച്ചിരുന്നുവെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരമൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയര്‍ ഡോ. ജയശ്രീ വ്യക്തമാക്കിയതോടെ തര്‍ക്കം രൂക്ഷമായി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉണ്ടായ ഈ സംഭവം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഭിന്നത വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് വന്ദേമാതരം ആലാപനം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും രാഷ്ട്രീയ പോര് ശക്തമാകുമെന്നാണ് സൂചന.
