പ്രതിശ്രുത വധുവിന് സമ്മാനമായി നൽകിയത് നാല് പവന്റെ സ്വർണ ചെയിൻ; പിന്നാലെ വിവാഹ ദിവസം യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി; അപമാനവും ലക്ഷങ്ങളുടെ നഷ്ടവും സഹിച്ച് കൊച്ചിക്കാരന്റെ രണ്ട് വര്‍ഷത്തെ നിയമപോരാട്ടം; ഒടുവിൽ യുവതിക്കും കുടുംബത്തിനുമെതിരെ പൊലീസ്‌ കേസ്‌

പ്രതിശ്രുത വധുവിന് സമ്മാനമായി നൽകിയത് നാല് പവന്റെ സ്വർണ ചെയിൻ; പിന്നാലെ വിവാഹ ദിവസം യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി; അപമാനവും ലക്ഷങ്ങളുടെ നഷ്ടവും സഹിച്ച് കൊച്ചിക്കാരന്റെ രണ്ട് വര്‍ഷത്തെ നിയമപോരാട്ടം; ഒടുവിൽ യുവതിക്കും കുടുംബത്തിനുമെതിരെ പൊലീസ്‌ കേസ്‌



കൊച്ചി: വിവാഹത്തിന്‍റെ തലേന്നോ വിവാഹ പന്തലില്‍ നിന്നോ വധു ഒളിച്ചോടിപ്പോകുന്നതും, അതുണ്ടാക്കുന്ന അപമാനങ്ങളും സാമ്പത്തിക നഷ്ടങ്ങളും സഹിക്കേണ്ടി വരുന്ന വരന്മാരുടെ ദുരിതങ്ങളും പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാല്‍, നാണക്കേട് ഓർത്ത് വിഷമിച്ചിരിക്കാതെ തനിക്കുണ്ടായ നഷ്ടത്തിന് നിയമപരമായ വഴിയിലൂടെ നീതി തേടിയ കൊച്ചി ചിറ്റൂർ സ്വദേശിയായ ഒരു യുവാവിന്‍റെ വേറിട്ട മാതൃകയാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിനെ തുടർന്ന് വധുവിനും കുടുംബത്തിനുമെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.

2024 സെപ്റ്റംബർ 12-നാണ് ചിറ്റൂർ സ്വദേശിയായ യുവാവും കാക്കനാട് വാഴക്കാല സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. നല്ല സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിലെ യുവാവിന് വധുവിനെ ഇഷ്ടപ്പെട്ടതിനെ തുടർന്ന് ഇരുവീട്ടുകാരും ചേർന്നാണ് വിവാഹം ഉറപ്പിച്ചത്. നിശ്ചയം കഴിഞ്ഞയുടനെ പ്രതിശ്രുത വധുവിന് നാല് പവന്റെ സ്വർണ ചെയിനും സമ്മാനമായി നൽകി. ഇതിനിടയിൽ പല ആവശ്യങ്ങൾ പറഞ്ഞ് വധുവിന്റെ മാതാപിതാക്കളും യുവാവിന്റെ കൈയിൽ നിന്ന് പണം വാങ്ങിയിരുന്നു.

എന്നാൽ, വിവാഹ ദിവസം യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി. ക്ഷണിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ അപഹാസ്യനായെങ്കിലും, തളർന്നുപോകാതെ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ യുവാവ് തീരുമാനിച്ചു. ക്ഷണക്കത്ത് അടിച്ചതു മുതൽ ഓഡിറ്റോറിയം ബുക്ക് ചെയ്തത്, ഭക്ഷണം ഒരുക്കിയത്, വിവാഹ വസ്ത്രങ്ങൾ വാങ്ങിയത്, സമ്മാനമായി നൽകിയ സ്വർണം എന്നിവയുൾപ്പെടെ തനിക്ക് ആകെ എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് യുവാവ് തൃക്കാക്കര പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല.

തുടർന്ന് കോടതിയെ സമീപിച്ച യുവാവ് രണ്ട് വർഷത്തോളം നിയമപോരാട്ടം നടത്തി. ഒടുവിൽ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിശ്വാസവഞ്ചനാക്കുറ്റം ചുമത്തിയിരിക്കുന്ന ഈ കേസിൽ വധുവാണ് ഒന്നാം പ്രതി. വധുവിന്റെ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയപ്പോൾ, വധുവിനെ ഒളിച്ചോടാൻ സഹായിച്ച ആൺസുഹൃത്താണ് കേസിലെ നാലാം പ്രതി.

മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നത് മറച്ചുവെച്ചാണ് വധുവിന്റെ കുടുംബം വിവാഹം ഉറപ്പിച്ചതെന്നും, ചതിയിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും യുവാവ് കോടതിയെ ബോധിപ്പിച്ചു. വധുവിന്റെ ഒളിച്ചോട്ടം തനിക്ക് സാമ്പത്തിക നഷ്ടത്തിനൊപ്പം വലിയ മാനഹാനിയുണ്ടാക്കിയെന്നും യുവാവ് വ്യക്തമാക്കി. ബന്ധങ്ങളിലെ വിശ്വാസത്തകര്‍ച്ചയ്ക്കും വഞ്ചനയ്ക്കുമെതിരെ യുവാവ് നടത്തിയ ഈ നിയമപോരാട്ടം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.