ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത മുന്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥന്‍ നവദീപ് സൂരിക്ക് സ്വന്തം രാജ്യത്ത് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടിവന്ന സംഭവം ചര്‍ച്ചയാകുന്നു.

'മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ നയതന്ത്രജ്ഞനും പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണം'; പഞ്ചാബിലെ എസ്ഐആറില്‍ നവദീപ് സൂരിക്ക് വിചിത്ര അനുഭവം; വോട്ടര്‍ ഐഡിയും ആധാറും പോര, പാസ്പോര്‍ട്ടും ആവശ്യപ്പെട്ടു; 'എനിക്ക് പോലും പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്ത്? ചോദ്യവുമായി സൂരി



ന്യൂഡല്‍ഹി: ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത മുന്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥന്‍ നവദീപ് സൂരിക്ക് സ്വന്തം രാജ്യത്ത് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടിവന്ന സംഭവം ചര്‍ച്ചയാകുന്നു.

2019ല്‍ വിരമിക്കുന്നതിന് മുമ്പ് യുഎഇയിലും ഈജിപ്തിലും ഇന്ത്യയുടെ അംബാസഡറായും ഓസ്ട്രേലിയയിലെ ഹൈക്കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുള്ള നവദീപ് സൂരിക്കാണ് പഞ്ചാബിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണ നടപടിക്കിടെ ഇത്തരമൊരു അനുഭവമുണ്ടായത്. അമൃത്സര്‍ സ്വദേശിയായ സൂരി വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസറെ (BLO) സമീപിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും മാത്രം പോരാതെ വന്നു

വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ അദ്ദേഹം ബിഎല്‍ഒയ്ക്ക് കൈമാറി. രേഖകള്‍ പരിശോധിച്ച ശേഷം എല്ലാം കൃത്യമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലഭിച്ച ഒരു സന്ദേശത്തോടെയാണ് കാര്യങ്ങള്‍ മാറിയത്. 2003ലെ എസ്‌ഐആര്‍ രേഖകളുമായി തന്റെ ചില വിവരങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു സന്ദേശം.

''പഞ്ചാബിലെ എസ്‌ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം പങ്കുവെക്കുന്നു.ബി എല്‍ ഒയെ സന്ദര്‍ശിച്ച് വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും സമര്‍പ്പിച്ചു. എല്ലാം കൃത്യമാണെന്ന് ഉറപ്പുനല്‍കി. എന്നാല്‍ ഇന്ന് ഒരു സന്നദ്ധപ്രവര്‍ത്തകനില്‍നിന്ന് സന്ദേശം ലഭിച്ചു. 2003ലെ എസ് ഐ ആര്‍ രേഖകളുമായി ചില വിവരങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് പറഞ്ഞത്,'' നവദീപ് സൂരി എക്സില്‍ കുറിച്ചു.

ഇതോടെ അദ്ദേഹം നേരത്തെ സമര്‍പ്പിച്ച വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും മാത്രം മതിയാകില്ലെന്ന സ്ഥിതിയുണ്ടായി. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് പിന്നീട് ആവശ്യപ്പെട്ടത്. 2003ല്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നതാണ് വിവരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടിന് കാരണമെന്നാണ് സൂരിയുടെ വിശദീകരണം. ആ സമയത്ത് അദ്ദേഹം വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി സേവനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാസ്പോര്‍ട്ട് ഹാജരാക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി വിദേശരാജ്യങ്ങളില്‍ സേവനം ചെയ്ത ഒരാള്‍ക്ക് സ്വന്തം രാജ്യത്ത് തന്നെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടിവന്നതാണ് സംഭവത്തെ ശ്രദ്ധേയമാക്കുന്നത്.

''മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എനിക്ക് പോലും എന്റെ പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും?'' എന്നാണ് സൂരി ചോദിച്ചത്.

പാസ്‌പോര്‍ട്ട് ഉണ്ടായിട്ടും കാര്യമില്ല!

അതേസമയം, നവദീപ് സൂരി ഉന്നയിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ പഞ്ചാബ് സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂരിയോട് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടതും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് സാധാരണയായി വിവിധ രേഖകളുടെ പരിശോധനയും പൊലീസ് വെരിഫിക്കേഷനും ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പാസ്പോര്‍ട്ട് മാത്രം ഇന്ത്യന്‍ പൗരത്വത്തിന്റെ അന്തിമവും നിര്‍ണായകവുമായ തെളിവായി കണക്കാക്കാനാകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

സൂരി ഇതിനകം സമര്‍പ്പിച്ച ആധാര്‍ കാര്‍ഡിന്റെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. ആധാര്‍ ഒരു വ്യക്തിയുടെ തിരിച്ചറിയലും ഇന്ത്യയിലെ താമസവും തെളിയിക്കുന്ന രേഖയാണ്. എന്നാല്‍ അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ല. ഇന്ത്യയില്‍ നിയമപരമായി താമസിക്കുന്ന അര്‍ഹരായ വിദേശ പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാം. പാസ്പോര്‍ട്ടും ആധാറും പോലുള്ള സര്‍ക്കാര്‍ രേഖകള്‍ കൈവശമുണ്ടായിട്ടും പൗരത്വം തെളിയിക്കുന്നതിനായി വീണ്ടും രേഖകള്‍ ആവശ്യപ്പെടേണ്ടിവരുന്ന സാഹചര്യം സംബന്ധിച്ച് നേരത്തെയും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ തന്നെ നല്‍കിയ രേഖകള്‍ കൈവശമുണ്ടായിട്ടും അവ മാത്രം മതിയാകാത്ത സാഹചര്യം സാധാരണ പൗരന്മാരെ ഭരണപരമായ ആശയക്കുഴപ്പത്തിലാക്കുമെന്നാണ് തരൂരിന്റെ വാദം. ഇന്ത്യയിലെ പൗരന്മാരെയും പൗരന്മാരല്ലാത്ത താമസക്കാരെയും രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ആധാര്‍ കാര്‍ഡില്‍ വ്യത്യസ്ത സംവിധാനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

പഞ്ചാബില്‍ എസ്‌ഐആര്‍ പുരോഗമിക്കുന്നു

ഇതിനിടെയാണ് പഞ്ചാബില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ നടപടികള്‍ പുരോഗമിക്കുന്നത്.എസ് ഐ ആറിന്റെ ആദ്യഘട്ടത്തില്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 3 വരെ സംസ്ഥാനത്തെ വീടുകള്‍തോറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കുകയും എന്‍മറേഷന്‍ ഫോമുകള്‍ ശേഖരിക്കുകയും അവ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു.

പഞ്ചാബില്‍ ആകെ 2.14 കോടി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏകദേശം 1.94 കോടി വോട്ടര്‍മാരുടെ എന്‍മറേഷന്‍ ഫോമുകള്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, 20 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ ഹാജരില്ലാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍, ഇരട്ട വോട്ടര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ വോട്ടര്‍മാരുടെ ഏകദേശം 9.63 ശതമാനമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലെയും കരട് വോട്ടര്‍ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സ്വന്തം പേര്, വിലാസം, മറ്റ് വിവരങ്ങള്‍ എന്നിവ പരിശോധിക്കാനും എന്തെങ്കിലും തെറ്റുകളോ പരാതികളോ ഉണ്ടെങ്കില്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനും അവസരമുണ്ട്. ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് ഇതിനുള്ള സമയം.

ഈ കാലയളവില്‍ ലഭിക്കുന്ന അവകാശവാദങ്ങളും പരാതികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. ഒക്ടോബര്‍ 8 വരെ പരിശോധനാ നടപടികള്‍ തുടരും. തുടര്‍ന്ന് ഒക്ടോബര്‍ 12ന് പഞ്ചാബിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

ഈ സാഹചര്യത്തിലാണ് നവദീപ് സൂരിയുടെ അനുഭവം കൂടുതല്‍ ശ്രദ്ധ നേടുന്നത്. രാജ്യത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിനും അര്‍ഹരായ വോട്ടര്‍മാരുടെ പേര് ഉറപ്പാക്കുന്നതിനുമുള്ള നടപടിയാണ് എസ്‌ഐആര്‍. അതേസമയം, പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെ പൗരന്മാരോട് ആവശ്യപ്പെടുന്ന രേഖകള്‍, അവയുടെ നിയമപരമായ പ്രാധാന്യം, പൗരത്വം തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.

സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് വര്‍ഷങ്ങളോളം വിദേശത്ത് ഔദ്യോഗിക ചുമതല വഹിച്ചിരുന്ന ഒരു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പോലും വോട്ടര്‍ പട്ടിക പരിശോധനയ്ക്കിടെ പൗരത്വം തെളിയിക്കാന്‍ അധിക രേഖകള്‍ ആവശ്യപ്പെട്ട സംഭവം സാധാരണ പൗരന്മാരുടെ കാര്യത്തില്‍ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അതേസമയം, എസ് ഐആര്‍ നടപടിയുടെ ഭാഗമായി രേഖകള്‍ പരിശോധിക്കുന്നത് വോട്ടര്‍ പട്ടിക കൃത്യവും വിശ്വാസ്യതയുള്ളതുമാക്കുന്നതിനുള്ള പതിവ് നടപടിയാണെന്ന വാദവും നിലനില്‍ക്കുന്നു.