
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി.എ.ബി) പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും കുടുംബത്തിനും നേരെ വധഭീഷണി. ഗാംഗുലി, ഭാര്യ ഡോണ ഗാംഗുലി, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരെ വധിക്കുമെന്നാണ് ഭീഷണി സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഡോണ ഗാംഗുലി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടേക്കാം എന്ന തരത്തിലുള്ള ഊമക്കത്തുകളും ഫോണ്‍ സന്ദേശങ്ങളും നിരന്തരം ലഭിക്കുന്നതിനെ തുടര്‍ന്ന് ഗാംഗുലിയുടെ പേഴ്‌സണല്‍ സെക്രട്ടറി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ആറുമാസം മുന്‍പാണ് ഗാംഗുലിക്ക് ആദ്യമായി ഇത്തരം ഒരു ഭീഷണി സന്ദേശം ലഭിക്കുന്നത്. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ അദ്ദേഹം ഇത് കാര്യമായി എടുത്തിരുന്നില്ല. കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് വീണ്ടും ലഭിച്ചതോടെയാണ് ഔദ്യോഗികമായി പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കത്തുകളുടെ ഉറവിടവും അതിനു പിന്നിലെ ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ബെലഘാരിയയില്‍ നിന്നാണ് കത്തുകളില്‍ ഒന്ന് കൊറിയര്‍ ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കൊറിയര്‍ സ്ഥാപനവുമായി ബന്ധപ്പെടുകയും കത്തയച്ചയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് ട്രാക്കിംഗ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച എല്ലാ ഭീഷണി സന്ദേശങ്ങള്‍ക്കും പിന്നില്‍ ഒരേ കേന്ദ്രമാണോ എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് സജീവമായി അന്വേഷിച്ചു വരികയാണ്
