
തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
വന്ദേമാതരത്തില്‍ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.

