
ടെഹ്റാൻ: ഇസ്‌ലാമാബാദ് ധാരണയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ യു.എസ് തയ്യാറായാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത പാതയുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഇക്കാര്യം ഇറാന്റെ പരമോന്നത നേതാവിനെ അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran President Masoud Pezeshkian Says Strait Of Hormuz Will Reopen If US Fulfills MoU Commitments)
ഇറാനുമേലുള്ള ഉപരോധങ്ങളും സാമ്പത്തിക ഉപരോധങ്ങളും നീക്കുക, മരവിപ്പിച്ച ധനശേഖരം വിട്ടുനൽകുക, രാജ്യത്ത് നിക്ഷേപങ്ങൾ ആരംഭിക്കുക, ലെബനനിലെ യുദ്ധം അവസാനിപ്പിക്കുക എന്നീ വ്യവസ്ഥകൾ അമേരിക്ക പാലിച്ചാൽ വിപണി സാധാരണ നിലയിലാക്കാൻ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ 13-ൽ 12 അംഗങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചതായി പെസെഷ്കിയാൻ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും നിലവിൽ ഇറാൻ ഒരു യുദ്ധസാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യവസ്തുക്കളുടെയും പെട്രോളിന്റെയും വരവ് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ധനവില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തിയും ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചും ഇന്ധന പ്രതിസന്ധി പരിഹരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
