വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടികൊണ്ട് പോയി; വൈകിയിട്ടും ദമ്പതിമാർ തിരിച്ചുവന്നില്ല; യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം; ഭര്‍ത്താവിന്റെ ഫോൺ സ്വിച്ച് ഓഫ്; പുറത്തൂരുകാരൻ ഹുസൈനായി തിരച്ചിൽ

വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടികൊണ്ട് പോയി; വൈകിയിട്ടും ദമ്പതിമാർ തിരിച്ചുവന്നില്ല; യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം; ഭര്‍ത്താവിന്റെ ഫോൺ സ്വിച്ച് ഓഫ്; പുറത്തൂരുകാരൻ ഹുസൈനായി തിരച്ചിൽ

ഹുസൈൻ,ഫൗസിയ
ഹുസൈൻ,ഫൗസിയ

മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയയുടെ (37) മൃതദേഹമാണ് തിരൂർ-പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്കു സമീപം കണ്ടെത്തിയത്. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വ്യാഴാഴ്ച പുലർച്ചെ കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഫൗസിയയെ ഹുസൈൻ വിളിച്ചുണർത്തി കൊണ്ടുപോയത്. മത്സ്യത്തൊഴിലാളിയാണ് ഹുസൈൻ. രാവിലെ ഇരുവരെയും വീട്ടിൽ കാണാതായപ്പോൾ ജോലിക്കു പോയതാകുമെന്നാണ് മക്കൾ കരുതിയത്. വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്‌കൂളിലേക്കും പോയെങ്കിലും, വൈകീട്ടും ദമ്പതിമാരെ കാണാതായതോടെ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ടുജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കി നങ്കൂരം ഉയർത്തുമ്പോഴാണ് അറ്റത്ത് ചാക്ക് കെട്ടിയനിലയിൽ കണ്ടത്. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

കാണാതായ ഹുസൈന്റെ മൊബൈൽഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ്സ്റ്റാൻഡിനു സമീപത്ത് ഓണാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് സ്വിച്ച് ഓഫ്‌ചെയ്ത നിലയിലായി. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നു. ഷബീബ്, ബിൻസി എന്നിവരാണ് മക്കൾ. തിരൂർ സി.ഐ. അനിൽ ടി. മേപ്പള്ളി, എസ്.ഐ. നസീർ തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.