മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം


മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം


കണ്ണൂർ: മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള 4 പേർ ജയിൽ മോചിതരായി. കണ്ണൂർ സെൻട്രൽ ജയിലിനു പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി. തങ്ങൾക്കെതിരെ നടന്ന വിചാരണ ഏകപക്ഷീയമായിരുന്നുവെന്നാണ് സ്വീകരണമേറ്റുവാങ്ങിയ ഗീതാനന്ദൻ പറഞ്ഞത്. മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും ജയിൽ മോചിതനായ ഗീതാനന്ദൻ പ്രഖ്യാപിച്ചു. എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നിനാണ് പിന്നീട് മുത്തങ്ങയിലെ ഭൂ സമരം സാക്ഷ്യം വഹിച്ചത്.മുത്തങ്ങയിലെ ചരിത്ര സമരംകേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം. 2001 ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനംമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19 ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കിട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു. സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപ്പെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതി ചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു