തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളം സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന കുറ്റവാളികൾക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപാലകരെയും സിസ്റ്റത്തെയും വെല്ലുവിളിച്ച് വീരവാദം മുഴക്കിയ അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളികളെ നിലയ്ക്ക് നിർത്താൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ഇന്നലെ മുതൽ അതിനായുള്ള ശക്തമായ നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രോമത്തിൽ പോലും തൊടില്ലെന്ന് വീർവാദം മുഴക്കിയ അർജുൻ ആയങ്കിയെയാണ് ഒടുവിൽ മണിച്ചിത്രത്താഴിട്ട് കേരള പോലീസ് പൂട്ടിയത്. പക്ഷെ ഇത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
ഓണക്കാലം മുന്നിൽ നിർത്തി സംസ്ഥാനത്തുടനീളം പരിശോധനകളും നടപടികളും ഊർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും റൗഡി ലിസ്റ്റ് പ്രകാരം ക്രിമിനലുകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് രാഷ്ട്രീയ സംരക്ഷണം ലഭിച്ചാലും അത്തരം ആളുകൾക്കെതിരെ നടപടിയുണ്ടാകും.
കുറ്റവാളികളെ മാത്രമല്ല, അവരെ പോറ്റി വളർത്തുന്ന ആളുകളെയും വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദിവസങ്ങളോളം പോലീസിനെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കി ഒടുവില്‍ വലയിലായത് സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. തളിപ്പറമ്പിലെ ലോഡ്ജില്‍ നിന്നിറങ്ങി പയ്യന്നൂരിലേക്ക് ഓട്ടോ പിടിച്ചതും, ഓട്ടോക്കാരാന്റെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചതുമാണ് ആയങ്കിയുടെ ഒളിവുജീവിതത്തിന്റെ കഥ മാറ്റിയെഴുതിയത്. ഉച്ചയ്ക്ക് മൂന്നരയോടെ ലഭിച്ച ഒറ്റ സൂചനയില്‍ നിന്ന് രാത്രി രണ്ട് മണിക്ക് നടത്തിയ കൃത്യതയാര്‍ന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ക്രമസമാധാന പാലകര്‍ ആയങ്കിയെ പൊക്കിയെടുത്തത്.
കണ്ണൂര്‍ തളിപ്പറമ്പിലെ രഹസ്യ ലോഡ്ജിലായിരുന്നു ആയങ്കി കുറച്ചു ദിവസങ്ങളായി തങ്ങിയിരുന്നത്. എന്നാല്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തളിപ്പറമ്പിലെ ഒളിത്താവളം മനസ്സിലാക്കിയെന്ന് സൂചന കിട്ടിയതോടെ പ്രതി അവിടെ നിന്നും അതിവേഗം രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് പയ്യന്നൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടു. ഈ യാത്രാവേളയിലാണ് ആയങ്കിക്ക് വന്‍ പിഴവ് സംഭവിച്ചത്. സ്വന്തം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ഇയാള്‍ ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി സുഹൃത്തായ ജിതിനെ വിളിക്കുകയായിരുന്നു.
ആയങ്കിയുടെ പെരുമാറ്റത്തിലും വിളിയിലും സംശയം തോറ്റ ഓട്ടോ ഡ്രൈവര്‍, ഇയാള്‍ ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ വിവേകപൂര്‍വ്വം വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ ഫോണ്‍ കോളാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഓട്ടോക്കാരന്‍ നല്‍കിയ ജിതിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അതിവേഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. നിമിഷങ്ങള്‍ക്കകം ജിതിനെ പോലീസ് പൊക്കിയെങ്കിലും ആദ്യഘട്ടത്തില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും സത്യം മറച്ചുവെക്കാനും ശ്രമിച്ചു.
തുടര്‍ന്ന് റോഡുകളിലെയും പ്രധാന കവലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ജിതിന് മുന്നില്‍ നിരത്തിയതോടെ ഇയാള്‍ക്ക് നിവര്‍ത്തിയില്ലാതായി. ജിതിന്റെ കാറിലാണ് ആയങ്കി യാത്ര ചെയ്തതെന്നും, കണ്ണൂര്‍ നഗരത്തിലെ ഒരു ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിലേക്കാണ് ഇയാള്‍ പോയതെന്നും ജിതിന്‍ തുറന്നുപറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആയങ്കി ഈ ഫ്‌ലാറ്റില്‍ എത്തിച്ചേര്‍ന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചതോടെ അന്വേഷണ സംഘം ആസൂത്രിത നീക്കത്തിലേക്ക് കടന്നു.
ഉച്ചയ്ക്ക് ലഭിച്ച കൃത്യമായ തുമ്പ് അടിസ്ഥാനമാക്കി ഉത്തരമേഖലാ ഡി.ഐ.ജി കെ. കാര്‍ത്തികിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പഴുതടച്ച പ്ലാന്‍ തയ്യാറാക്കി. അപ്പാര്‍ട്ട്‌മെന്റ് വളഞ്ഞ് പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് മിന്നലാക്രമണം നടത്തുകയായിരുന്നു. ഫ്‌ലാറ്റില്‍ പോലീസ് എത്തിയെന്ന് മനസിലായതോടെ ആയങ്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, കെട്ടിടത്തിന് ചുറ്റും മുന്‍കൂട്ടി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
