അടിവയറ്റില്‍ ചവിട്ടി; മുഖത്ത് തൊഴിച്ചു; മത്സരം നിര്‍ത്താന്‍ ആവശ്യപ്പെട്ട് റിങിന് പുറത്തേക്ക് നീങ്ങിയിട്ടും അടിച്ചു വീഴ്ത്തി; തായ്‌കോണ്ടോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം: ഗുരുതര പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍

അടിവയറ്റില്‍ ചവിട്ടി; മുഖത്ത് തൊഴിച്ചു; മത്സരം നിര്‍ത്താന്‍ ആവശ്യപ്പെട്ട് റിങിന് പുറത്തേക്ക് നീങ്ങിയിട്ടും അടിച്ചു വീഴ്ത്തി; തായ്‌കോണ്ടോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം: ഗുരുതര പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍



മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ നിയമവിരുദ്ധമായ പ്രഹരമേറ്റ് മലയാളി വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും മതിലകം കൂളിമുട്ടം സ്വദേശിയുമായ ഫായിസ് അബ്ദുല്‍ ജലാലിനാണ് (18) തലയ്ക്ക് സാരമായി പരുക്കേറ്റത്. അബോധാവസ്ഥയിലായ ഫായിസിനെ എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 3-ന് ചന്ദ്രപുര്‍ സന്‍സ്‌കാര്‍ ഭാരതി പബ്ലിക് സ്‌കൂളില്‍ നടന്ന അണ്ടര്‍ 19 മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റില്‍ നിയമവിരുദ്ധമായി ചവിട്ടുകയായിരുന്നു. കടുത്ത വേദനയെ തുടര്‍ന്ന് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്‌നല്‍ നല്‍കി ഫായിസ് റിങ്ങിനു പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കാനോ മത്സരം തടയാനോ റഫറി തയ്യാറായില്ല. തുടര്‍ന്ന് മത്സരം നിര്‍ത്തി പിന്മാറാന്‍ ശ്രമിച്ച ഫായിസിന്റെ മുഖത്തേക്ക് എതിരാളി ശക്തമായി തൊഴിക്കുകയായിരുന്നു. പ്രഹരമേറ്റ് വീണ വിദ്യാര്‍ഥി ഉടന്‍ തന്നെ തളര്‍ന്നുവീണു.

സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഫായിസിനെ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫായിസിന് തലച്ചോറിലെ കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 9-ന് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. തയ്ക്വാന്‍ഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സര നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിച്ച റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫായിസിന്റെ കുടുംബം സിബിഎസ്ഇ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദേശത്തായിരുന്ന ഫായിസ് കഴിഞ്ഞ വര്‍ഷമാണ് അന്‍സാര്‍ സ്‌കൂളില്‍ ചേര്‍ന്നത്.