ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകളിലൊന്നായ സുഹെലിക്ക് സമീപം കടല്‍ പട്രോളിംഗിനിടെ പോലീസ് ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

ലക്ഷദ്വീപിലെ സുഹെലിയില്‍ പോലീസ് ബോട്ട് കടലില്‍ മറിഞ്ഞു; രണ്ട് പോലീസുകാരെ കാണാതായി; ഒരാള്‍ നീന്തി രക്ഷപ്പെട്ടു; നബീലിനും ഹിദായത്തുള്ളയ്ക്കുമായി തെരച്ചില്‍ ഊര്‍ജ്ജിതം; കോസ്റ്റ് ഗാര്‍ഡിനും അയല്‍ സംസ്ഥാന പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ലക്ഷദ്വീപ് എസ്.പി



കവരത്തി: ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകളിലൊന്നായ സുഹെലിക്ക് സമീപം കടല്‍ പട്രോളിംഗിനിടെ പോലീസ് ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി. മൂന്ന് പോലീസുകാരുമായി സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലയിലും കടലിലെ ചുഴിയിലും പെട്ടാണ് അപകടമുണ്ടായത്.

കവരത്തി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ നബീല്‍ കെ.എം (34, കവരത്തി സ്വദേശി), ഹിദായത്തുള്ള കെ.സി (49, ആന്‍ഡ്രോത്ത് സ്വദേശി) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നാമത്തെ ഉദ്യോഗസ്ഥനായ ഉമര്‍ ഫറൂഖ് (അമിനി ദ്വീപ് സ്വദേശി) നീന്തി രക്ഷപ്പെട്ട് കവറത്തിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

തിരച്ചിലിനായി ജാഗ്രതാ നിര്‍ദ്ദേശം

കാണാതായ പോലീസുകാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററും കവറത്തിയില്‍ നിന്നുള്ള പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും സുഹെലി ഭാഗത്തേക്ക് തിരിച്ചു.

സംഭവത്തില്‍ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ട് അടിയന്തര 'ഹ്യൂ ആന്‍ഡ് ക്രൈ' (Hue and Cry Notice) നോട്ടീസ് പുറപ്പെടുവിച്ചു. കാണാതായ ഉദ്യോഗസ്ഥരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, സമീപ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ പോലീസിനെയോ ലക്ഷദ്വീപ് എസ്.പി ഓഫീസിലോ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Visit website