അന്‍വര്‍ എവിടെ പോയി ഒളിച്ചുഎന്ന ചോദ്യം ഉയരുന്നതിനിടെയാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ വന്നത്.

ബേപ്പൂരിലെ തോല്‍വിക്ക് ശേഷം പി വി അന്‍വര്‍ ഏതുമാളത്തില്‍ പോയി ഒളിച്ചു എന്ന് ചോദിച്ചവര്‍ക്ക് ഉത്തരം! 'ചതിച്ചതാര്? ചന്തു തന്നെ, മഷിയിട്ടു നോക്കേണ്ട കാര്യമില്ലെന്ന് 'അന്‍വര്‍; 'ചേര്‍ത്തുപിടിക്കേണ്ടവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തി; പാളയത്തിലെ ചതിയിലാണ് നിശബ്ദനായി പിന്‍വാങ്ങിയത്'; ഡിസിസി പ്രസിഡന്റിന്റെ പ്രസംഗത്തിന് പിന്നാലെ ഫെയ്സ്ബുക് പോസ്റ്റ്; യുഡിഎഫില്‍ വീണ്ടും വിവാദം



കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ പരാജയത്തിന് ശേഷം നിശ്ശബ്ദനായിരുന്നു പി വി അന്‍വര്‍. അന്‍വര്‍ എവിടെ പോയി ഒളിച്ചുഎന്ന ചോദ്യം ഉയരുന്നതിനിടെയാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ വന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതാണ് പരാജയ കാരണമെന്ന് പ്രവീണ്‍ കുമാര്‍ തുറന്നടിച്ചതോടെ, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍ രംഗത്തെത്തി.

ചേര്‍ത്തുപിടിക്കേണ്ടവരാല്‍ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും പാളയത്തിലെ ഈ പിന്നില്‍ നിന്നുള്ള കുത്താണ് തന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ ബേപ്പൂരിലz തോല്‍വിയേക്കുറിച്ച് പറഞ്ഞ പ്രസംഗവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചു.

'ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് കുറിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും തന്നെ വിജയിപ്പിച്ചപ്പോള്‍, ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസംഗം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ആരോപിക്കുന്നു.

പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ സ്വന്തം ജീവനും സമ്പത്തും വകവെക്കാതെ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് മുന്നണിക്ക് വലിയ കരുത്തായതെന്ന് അന്‍വര്‍ അവകാശപ്പെടുന്നു. എന്നാല്‍, സ്ഥാനമാനങ്ങള്‍ സ്വപ്നം കണ്ട ചിലരുടെ നീക്കങ്ങളും പാളയത്തിലെ ചതിയും തനിക്ക് വലിയ വേദനയുണ്ടാക്കി. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് വിളിച്ചുപറയാന്‍ ജാള്യതയുള്ളതുകൊണ്ടാണ് നിശബ്ദനായി പിന്‍വാങ്ങിയതെന്നും അദ്ദേഹം കുറിച്ചു.

രാവും പകലും വ്യത്യാസമില്ലാതെ തന്നോടൊപ്പം പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമുള്ള നന്ദിയും കടപ്പാടും എന്നും മനസ്സിലുണ്ടാകുമെന്നും പറഞ്ഞാണ് അന്‍വര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി വി അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ചതിച്ചതാര് ?

ചന്തു തന്നെ.

മഷിയിട്ടു നോക്കേണ്ട കാര്യമില്ല.

ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.

ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍, പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ.

നിലവിലെ പ്രതിപക്ഷ നേതാവിനും, കുടുംബാംഗങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ എല്ലാവരും കാണുന്നുണ്ടല്ലോ!

അതില്‍ ഒരാള്‍ എനിക്കെതിരെ മത്സരിച്ച നിങ്ങള്‍ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ! ഒന്നരവര്‍ഷമായി ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ അര്‍ത്ഥവും സത്യവും വെളിവാകുന്ന രീതിയില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.

ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്.

ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്. അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങള്‍ ത്യജിച്ചും 'രാഷ്ട്രീയ ഭാവിക്കുവേണ്ടി' ഒട്ടും 'അഡ്ജസ്റ്റ്' ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാന്‍ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.

മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് 'ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട്' എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.

ഇത് കണ്ടപ്പോള്‍ 'ബ്രൂട്ടസേ നീയും!' എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണ്.

ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ട്.

അതെന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്. 'ഞങ്ങള്‍ ചതിച്ചതു തന്നെ' എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ. പക്ഷേ, രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും, പിണറായിസത്തിനെതിരെ കൈകോര്‍ത്തു തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയ സഖാക്കള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സില്‍ സുദൃഢമായിരിക്കും.

നിങ്ങളുടെ സ്വന്തം

പി.വി അന്‍വര്‍

സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത് പരാജയ കാരണമെന്ന് പ്രവീണ്‍ കുമാര്‍

അതേസമയം, ബേപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന എംഎല്‍എമാരുടെ സ്വീകരണ പരിപാടിയിലാണ് ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് പ്രവീണ്‍ കുമാര്‍ തുറന്നടിച്ചത്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയില്ലായിരുന്നുവെങ്കില്‍ കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിലും യുഡിഎഫിന് വിജയിക്കാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ബേപ്പൂരില്‍ മുന്നണിയുടെ ഔദ്യോഗിക ചിഹ്നങ്ങളായ 'കോണി'യിലോ 'കൈപ്പത്തി'യിലോ ഒരു സ്ഥാനാര്‍ഥി മത്സരരംഗത്തുണ്ടായിരുന്നുവെങ്കില്‍ വിജയം ഉറപ്പായിരുന്നുവെന്ന് പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിറുത്തി മത്സരിപ്പിച്ചതാണ് ബേപ്പൂരിലെ പരാജയത്തിന് പ്രധാന കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പി.വി. അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലിലാണ് ഡിസിസി നേതൃത്വം.

മാധ്യമങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ലാത്ത സ്വീകരണ ചടങ്ങിലാണ് പ്രവീണ്‍ കുമാര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സംസാരിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ തന്റെ വാക്കുകള്‍ വാര്‍ത്തയാക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പ്രസംഗത്തിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ വിഷയം പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയായി മാറി. മണ്ഡലത്തില്‍ കൃത്യമായ സ്ഥാനാര്‍ഥിയെ നിറുത്തിയിരുന്നെങ്കില്‍ ജില്ലയിലാകെ തരംഗം സൃഷ്ടിക്കാമായിരുന്നുവെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്.

തെരഞ്ഞെടുപ്പിന് ശേഷവും ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലും സഖ്യകക്ഷികള്‍ക്കിടയിലും പുകയുന്ന അസംതൃപ്തിയാണ് പ്രവീണ്‍ കുമാറിന്റെ വാക്കുകളിലൂടെയും അന്‍വറിന്റെ മറുപടിയിലൂടെയും പുറത്തുവന്നിരിക്കുന്നത്. യുഡിഎഫും അന്‍വറും തമ്മിലുള്ള ബന്ധത്തിലും വരും ദിവസങ്ങളില്‍ ഈ തര്‍ക്കം വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.