പേരാവൂർ ഐടിഐയിൽ ഫുഡ് & ബീവറേജ് ട്രേഡ് കോഴ്സിന് അനുമതി
കാക്കയങ്ങാട്: വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള പേരാവൂർ ഗവൺമെന്റ് ഐടിഐയിൽ ഫുഡ് & ബീവറേജ് ട്രേഡ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായതായി വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ ഓഫീസ് അറിയിച്ചു.
പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, റസ്റ്റോറന്റ്, ടൂറിസം മേഖലകളിൽ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിൽ പുതിയ ട്രേഡ് കോഴ്സ് നിർണായകമാകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വന്നിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഇനി പേരാവൂരിൽ തന്നെ ഈ കോഴ്സ് പഠിക്കാനുള്ള അവസരം ലഭിക്കും.
കോഴ്സ് ആരംഭിക്കുന്നതിനാവശ്യമായ തുടർ നടപടികൾ ബന്ധപ്പെട്ട വകുപ്പ് ഉടൻ സ്വീകരിക്കുമെന്നും, പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
