ഷംസീറിന് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും അദ്ദേഹം യഥാര്‍ഥ കമ്യൂണിസ്റ്റല്ലെന്നും കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ഷംസീറിനെ ചൊല്ലി സിപിഎം-എസ്എന്‍ഡിപി ബന്ധത്തില്‍ വിള്ളലോ? വെള്ളാപ്പള്ളിയുടെ 'ലീഗ് മനസ്സ്' പരാമര്‍ശത്തിന് പിന്നാലെ തുറന്ന പോരിന് സിപിഎം; 'വര്‍ഗീയതയ്ക്ക് വളം' ആരോപണം; 'അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കള്‍': ഗുരുവചനം ഉയര്‍ത്തി ഷംസീറിന്റെ മറുപടി; വാക്പോരിനപ്പുറം കാര്യങ്ങള്‍ കൈവിട്ടുപോകുമോ?



തിരുവനന്തപുരം: സി.പി.എം-എസ്.എന്‍.ഡി.പി യോഗം ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിതുറന്ന് വെള്ളാപ്പള്ളി നടേശന്‍-എ.എന്‍. ഷംസീര്‍ വിവാദം. സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എ.എന്‍. ഷംസീറിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമാക്കിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയതയ്ക്ക് വളംവയ്ക്കുന്നതാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചതോടെ വിവാദം രാഷ്ട്രീയതലത്തിലേക്കും നീങ്ങുകയാണ്.

ഷംസീറിന് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും അദ്ദേഹം യഥാര്‍ഥ കമ്യൂണിസ്റ്റല്ലെന്നും കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. എസ്.എന്‍. ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഷംസീറിനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. എ.എന്‍. ഷംസീറിന് 'ലീഗിന്റെ ശബ്ദം' എന്ന വിശേഷണം നല്‍കിയത് വര്‍ഗീയതയ്ക്ക് വളംവയ്ക്കുന്ന പ്രസ്താവനയാണെന്ന് സി.പി.എം ആരോപിച്ചു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെ ഒന്നിപ്പിച്ച് സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് കാണുന്നത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പരാമര്‍ശം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് യോജിച്ചതല്ലെന്നും സി.പി.എം കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതില്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി, ശ്രീനാരായണ ഗുരുവിന്റെ 'എല്ലാ മതങ്ങളുടെയും സാരം ഒന്നാണ്' എന്ന ദര്‍ശനമാണ് സംഘടനയുടെ ചരിത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായതെന്നും പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുത്തുന്നതില്‍ ഈ നിലപാടിന് വലിയ സംഭാവനയുണ്ടായിരുന്നു. അത്തരമൊരു സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.എം വ്യക്തമാക്കി.

പേരുപറയാതെ ഷംസീറിന്റെ മറുപടി

വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് ഷംസീര്‍ നേരിട്ട് പേര് പറയാതെയാണ് മറുപടി നല്‍കിയത്. ശ്രീനാരായണ ഗുരുവിന്റെ ചിത്രം പങ്കുവെച്ച് 'അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കള്‍' എന്ന ഗുരുവിന്റെ വാക്കുകളാണ് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വെള്ളാപ്പള്ളിക്കുള്ള പരോക്ഷ മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിഷയം പാര്‍ട്ടിക്കുള്ളില്‍ മാത്രമൊതുക്കാതെ സി.പി.എം നേതാക്കളും വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. ഷംസീറിനെ വ്യക്തിപരമായി ആക്രമിക്കുന്നതിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ അസഹിഷ്ണുതയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ആരോപിച്ചു.

പാര്‍ട്ടിയില്‍ മതനിരപേക്ഷമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ഷംസീറെന്നും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു രാഗേഷിന്റെ നിലപാട്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്ന നിലപാടും സി.പി.എം നേതൃത്വം ആവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു.

അതേസമയം, വെള്ളാപ്പള്ളി-ഷംസീര്‍ തര്‍ക്കം വ്യക്തിപരമായ വാക്പോരിനപ്പുറം സി.പി.എം-എസ്.എന്‍.ഡി.പി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. സമുദായ സംഘടനാ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധത്തില്‍ നേരത്തേ തന്നെ വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ വിവാദത്തില്‍ സി.പി.എം ഔദ്യോഗികമായി എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് ശ്രദ്ധേയം.

ഷംസീറിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നതും അദ്ദേഹത്തെ മതപരമായി അടയാളപ്പെടുത്തുന്നതും രണ്ടായി കാണണമെന്നാണ് സി.പി.എം നിലപാട്. ഒരു രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടെങ്കിലും മതപരമായ തിരിച്ചറിയലുകള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിഭജനം സൃഷ്ടിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നാണ് പാര്‍ട്ടി പറയുന്നത്.

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോടെ സി.പി.എം-എസ്.എന്‍.ഡി.പി ബന്ധത്തില്‍ ഉണ്ടായ അസ്വാരസ്യം എത്രത്തോളം രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഇനി ശ്രദ്ധേയം. ഇരുവിഭാഗങ്ങളും പരസ്യമായി നിലപാട് കടുപ്പിച്ചതോടെ നിലവിലെ ബന്ധത്തില്‍ ഉലച്ചിലുണ്ടായെന്ന ചര്‍ച്ചകള്‍ക്കും ശക്തിയേറുകയാണ്. ശ്രീനാരായണ ഗുരുവിന്റെ മതനിരപേക്ഷ സന്ദേശവും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പങ്കും ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം വിമര്‍ശനം നടത്തുന്നത്. മറുവശത്ത്, ഷംസീറിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്ന നിലപാടിലാണ് വെള്ളാപ്പള്ളി.

അതുകൊണ്ടുതന്നെ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം ഒരു നേതാവിനെതിരായ വിമര്‍ശനത്തില്‍ ഒതുങ്ങുമോ, അതോ സി.പി.എം-എസ്.എന്‍.ഡി.പി യോഗം ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ക്ക് കാരണമാകുമോ എന്നതാണ സംസ്ഥാന കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.