കീവ്: യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. രാജ്യത്തുടനീളം ഇരുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശനിയാഴ്ച രാത്രി റഷ്യ രൂക്ഷമായ വ്യോമാക്രമണം നടത്തി. ഉക്രെയ്‌നിലെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കുറവ് മുതലെടുത്താണ് റഷ്യന്‍ സേനയുടെ ഈ ആക്രമണം. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളെ കീഴടക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യന്‍ ആക്രമണം ശക്തമായിരിക്കുന്നത്.
തുറമുഖ നഗരമായ ഒഡേസയിലാണ് റഷ്യന്‍ ആക്രമണം ഏറ്റവും കൂടുതല്‍ നാശനഷ്ട വിതച്ചത്. ആക്രമണത്തില്‍ ഡസനിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒഡേസയിലെ പ്രമുഖ കായിക സ്റ്റേഡിയമായ ചോര്‍ണോമോറെറ്റ്‌സ് സ്റ്റേഡിയത്തിനും കനത്ത നാശനഷ്ടം സംഭവിച്ചു. നഗരത്തിലെ തുറമുഖവും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെട്ടതായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചു. 'ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കെതിരെയാണ് റഷ്യ ഇപ്പോള്‍ യുദ്ധം ചെയ്യുന്നത്,' എന്ന് ആക്രമണത്തിന് ശേഷം സെലെന്‍സ്‌കി പ്രതികരിച്ചു.
ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ ഒരു ബഹുനില അപ്പാര്‍ട്ട്മെന്റിന് നേരെയും റഷ്യന്‍ മിസൈലാക്രമണമുണ്ടായി. പത്തുനില കെട്ടിടത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തിന് മറുപടിയായി ഉക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ റഷ്യന്‍ അതിര്‍ത്തി മേഖലയായ ബെല്‍ഗൊറോഡില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ബാള്‍ട്ടിക് രാജ്യങ്ങളെ ലക്ഷ്യമിട്ട് പുടിന്‍ അടുത്ത നീക്കത്തിനൊരുങ്ങുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സഖ്യത്തിന്റെ പ്രതിരോധ കരാറായ ആര്‍ട്ടിക്കിള്‍ 5-ന്റെ കരുത്ത് പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാകും റഷ്യ ബാള്‍ട്ടിക് രാജ്യങ്ങളില്‍ സൈബര്‍ ആക്രമണമോ ചെറുപ്രാദേശിക കടന്നുകയറ്റമോ നടത്തുക എന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉക്രെയ്‌നിലെ ഊര്‍ജ്ജ സംഭരണ കേന്ദ്രങ്ങളെയും ഇ-കൊമേഴ്‌സ് വെയര്‍ഹൗസുകളെയും പെട്രോള്‍ പമ്പുകളെയും ലക്ഷ്യമിട്ട് റഷ്യന്‍ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ ഒഡേസ നഗരത്തിലെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പരിക്കേല്‍ക്കുന്ന സിവിലിയന്മാരുടെയും കുട്ടികളുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നാല് വര്‍ഷമായി തുടരുന്ന യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് മാര്‍പ്പാപ്പ വത്തിക്കാനില്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു.
