കണ്ണൂർ: സെൻട്രല്‍ ജയിലിലെ തടവുകാരന് നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ചെരുപ്പില്‍ ഒളിപ്പിച്ച ഹാഷിഷ് ഓയിലും സിഗരറ്റുമായി കണ്ണൂർ ഏച്ചൂർ മാവിലച്ചാല്‍ സ്വദേശി എം.സുഹൈല്‍ (30) ആണ്പിടിയിലായത്.റിമാൻഡ് തടവുകാരൻ മുഹമ്മദ്, ലഹരി മരുന്ന് എത്തിച്ച മുബീൻ എന്നിവർക്കെതിരെ ടൗണ്‍പൊലീസ് കേസെടുത്തു. തടവുകാരനുമായി നടത്തിയ കോണ്‍ഫറൻസ് കോള്‍ സംഭാഷണത്തിലായിരുന്നു ലഹരിക്കടത്തിൻ്റെ ആസൂത്രണം.Geographic Reference
തിങ്കളാഴ്ച്ച വൈകിട്ട് 4.40 മണിയോടെയാണ് സംഭവം. സന്ദർശക പാസെടുത്ത് തടവുകാരനെ കാണാനെത്തിയ ഏച്ചൂർ സ്വദേശി സുഹൈലിനെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഹാഷിഷ് ഓയില്‍ അടങ്ങിയ 0.50 ഗ്രാം തൂക്കമുളള പ്ലാസ്റ്റിക് പാക്കറ്റും സിഗരറ്റും കണ്ടെത്തിയത്. പ്രതിക്കായി വാങ്ങിയ ചെരുപ്പില്‍ കീറലുണ്ടാക്കി അതിനുള്ളിലായിരുന്നു ഹാഷിഷ് ഓയിലിൻ്റെ പാക്കറ്റ് ഒളിപ്പിച്ചത്. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഹാഷിഷ് ഓയില്‍ ലഭിച്ചത്. തടവുകാരനുമായി ഫോണ്‍ വഴി ബന്ധപ്പെട്ടതിൻ്റെ വിവരങ്ങളും ലഭിച്ചു.
തടവുകാരൻ മുഹമ്മദിന്റെ ഭാര്യ മറിയബി കോണ്‍ഫറൻസ് കോള്‍ വഴി മുഹമ്മദുമായും സുഹൈലുമായും സംസാരിച്ചതിന് ശേഷമാണ് ഹാഷിഷ് ഓയിലുമായി യുവാവ് ജയിലില്‍ എത്തിയത്. മുഹമ്മദ് പറഞ്ഞ പ്രകാരം മുബീനില്‍ നിന്നും ഹാഷിഷ് ഓയില്‍ വാങ്ങി ചെരുപ്പില്‍ ഒളിപ്പിച്ചതായും പ്രതി സമ്മതിച്ചു.
