കൃത്യമായ ചികിത്സ നല്‍കിയില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി

കൃത്യമായ ചികിത്സ നല്‍കിയില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ 29-ാം തീയതി കട്ടിലില്‍ നിന്നും താഴെ വീണു. തുടര്‍ന്ന് തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്ന് കുടുംബം പറയുന്നു. അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ല. കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ സ്റ്റിച്ചിട്ടത് അതേ ബെഡില്‍ വെച്ചാണെന്നും ആരോപണമുണ്ട്. ഹാന്‍ഡ് റെയിലുള്ള കട്ടില്‍ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും മകള്‍ ശ്യാമള ദേവി പറഞ്ഞു,.