
ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ പഡുബിദ്രിയിൽ കോൺഗ്രസ് നേതാവും കരാറുകാരനുമായ ഡേവിഡ് ഡിസൂസയെ (62) അജ്ഞാതസംഘം പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തി (David D Souza murder Udupi). മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റായ ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് പിലാർ സെന്റ് സേവ്യർ പള്ളിക്ക് സമീപമുള്ള സ്വന്തം ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കയറാൻ ശ്രമിക്കവെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ ഉടൻ തന്നെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ബൈണ്ഡൂരിൽ വെച്ച് ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ വെടിവെപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശി രാജു ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.
പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതി രാജുവിന് നേരെ പോലീസ് തിരിച്ചുവെടി വെക്കുകയും ഇയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബീഹാർ സ്വദേശികളായ മറ്റ് രണ്ടുപേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. സിവിൽ കരാർ ജോലികളുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
