
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും മുന്നേറുന്ന കാലഘട്ടമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.(PC Vishnunadh Comments On Kanthapuram Remarks And CPI CPM Conflict)
സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനുമായി എല്ലാവിധ പിന്തുണയും നൽകി സർക്കാർ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാന്തപുരത്തിന്റെ വ്യക്തിപരമായ പരാമർശങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇതോടൊപ്പം പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട് സി.പി.ഐ – സി.പി.എം തർക്കങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി. മുൻകാലങ്ങളിൽ കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർട്ടിയാണ് സി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു.
ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിലും മന്ത്രി വ്യക്തത വരുത്തി. രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പങ്കെടുക്കുന്ന ചടങ്ങുകളിൽ പാലിക്കേണ്ട നിശ്ചിത പ്രോട്ടോക്കോളുകൾ ഉണ്ടെന്നും, അത് മാത്രമാണ് സർക്കാർ പിന്തുടർന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
