റിയാദ്: ഭൂപ്രകൃതിയില്‍ നദികളോ ജലാശയങ്ങളോ ഇല്ലാതെയും പ്രതിവര്‍ഷം 100 മില്ലീമീറ്ററില്‍ താഴെ മാത്രം മഴ ലഭിച്ചും കഴിയുന്ന സൗദി അറേബ്യ, തങ്ങളുടെ 3.7 കോടി ജനങ്ങള്‍ക്ക് തടസ്സമില്ലാതെ കുടിവെള്ളമെത്തിക്കാന്‍ നിര്‍മ്മിച്ചത് വന്‍കിട പൈപ്പ്ലൈന്‍ ശൃംഖലയും ഡിസാലിനേഷന്‍ ശൃംഖലയും. എണ്ണസമ്പത്തിന്റെ കരുത്തില്‍ തീരപ്രദേശങ്ങളില്‍ നിന്ന് കടല്‍വെള്ളം ശുദ്ധീകരിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ഒഴുക്കിയാണ് രാജ്യം ശുദ്ധജലക്ഷാമത്തെ അതിജീവിച്ചിരിക്കുന്നത്.
ചെങ്കടലിന്റെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും തീരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഡിസാലിനേഷന്‍ (ലവണമുക്ത) പ്ലാന്റുകളാണ് ഈ പദ്ധതിയുടെ പ്രധാന കേന്ദ്രം. കടലില്‍ നിന്ന് നൂറുകണക്കിന് മീറ്ററുകള്‍ ഉള്ളില്‍ നിന്ന് പ്രത്യേക പൈപ്പുകള്‍ വഴിയാണ് വെള്ളം പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്നത്. മണല്‍ ഫില്‍ട്ടറുകള്‍, അള്‍ട്രാ ഫൈന്‍ കാര്‍ട്രിജ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ കടത്തിവിട്ട ശേഷം ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനം ഉപയോഗിച്ചാണ് ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നത്. തുടര്‍ന്ന് കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ വീണ്ടും കൂട്ടിച്ചേര്‍ത്താണ് കുടിവെള്ളമായി വിതരണത്തിന് അയക്കുന്നത്.
തീവ്രമായ ചൂടും ഉയര്‍ന്ന ഭൂഗര്‍ഭ മര്‍ദ്ദവും അതിജീവിക്കാന്‍ ശേഷിയുള്ള ഹൈ-സ്‌ട്രെങ്ത് കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1.8 മീറ്റര്‍ വ്യാസമുള്ള ഈ പൈപ്പുകള്‍ അള്‍ട്രാസോണിക് പരിശോധനകള്‍ക്കും തുരുമ്പ് പ്രതിരോധ കോട്ടിംഗിനും വിധേയമാക്കിയ ശേഷമാണ് മരുഭൂമിയില്‍ സ്ഥാപിക്കുന്നത്. വഴിയില്‍ പ്രതിബന്ധമായി നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളും കുന്നുകളും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ തകര്‍ത്താണ് പൈപ്പ്ലൈനുകള്‍ക്കായി ആഴത്തിലുള്ള കിടങ്ങുകള്‍ ഒരുക്കുന്നത്.
പൈപ്പ്ലൈനുകളുടെയും പ്ലാന്റുകളുടെയും നിര്‍മ്മാണത്തിന് കിലോമീറ്ററിന് ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഭീമമായ ചെലവാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, പ്രകൃതിദത്ത ശുദ്ധജലസ്രോതസ്സുകളില്ലാത്ത ഒരു രാജ്യത്ത് തങ്ങളുടെ ജനങ്ങളുടെ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ചിലവ് അനിവാര്യമാണെന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എന്‍ജിനീയറിങ് അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ റിവര്‍ സിസ്റ്റം ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
