പയ്യന്നൂര്‍: ഉടമസ്ഥന്‍ ഫോണില്‍ വിളിച്ചെന്ന് കള്ളം പറഞ്ഞ് ജീവനക്കാരിയെ അമ്പരപ്പിച്ച് പണവുമായി യുവാവ് മുങ്ങി! പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ 'കെസ്റ്റര്‍ ഗ്രാഫിക്‌സ്' എന്ന സ്ഥാപനത്തിലാണ് സിനിമകളെപ്പോലും വെല്ലുന്ന രീതിയില്‍ അജ്ഞാതനായ തട്ടിപ്പുകാരന്‍ പുതിയ തട്ടിപ്പുകളി നടത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. സ്ഥാപന ഉടമ ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി ജിന്‍സ് സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു തട്ടിപ്പുകാരന്റെ എന്‍ട്രി. ഈ സമയം ജീവനക്കാരിയായ നിവ്യ ഭക്ഷണം കഴിക്കുകയായിരുന്നു. മുതലാളി പിലാത്തറയിലെ ഓഫീസിലാണെന്ന് ജീവനക്കാരി പറഞ്ഞതോടെ, തട്ടിപ്പുകാരന്‍ അടവ് മാറ്റി. ഉടന്‍ തന്നെ സ്വന്തം ഫോണില്‍ ഉടമ ജിന്‍സിനെ വിളിച്ചു സംസാരിക്കുന്നതായി ജീവനക്കാരിയെ വിശ്വസിപ്പിച്ചു അഭിനയിച്ചു തകര്‍ത്തു!
'ജയകുമാര്‍ എന്നൊരാള്‍ വരും, അയാള്‍ 27,000 രൂപ തരുമ്പോള്‍ വാങ്ങി വെക്കണം. അതിന് മുന്‍പായി ഇവിടെയുള്ള 2,000 രൂപ അയാള്‍ക്ക് കൊടുക്കാന്‍ മുതലാളി പറഞ്ഞു' എന്നായിരുന്നു തട്ടിപ്പുകാരന്റെ മാസ് ഡയലോഗ്. വിശ്വസിച്ച ജീവനക്കാരി ഡ്രോയറില്‍ 1,500 രൂപയേയുള്ളൂ എന്ന് പറഞ്ഞ് പണം മേശപ്പുറത്തു വെച്ച് എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങി. തക്കം പാര്‍ത്തിരുന്ന തട്ടിപ്പുകാരന്‍, നിമിഷനേരം കൊണ്ട് ആ 1,500 രൂപയും തട്ടിയെടുത്ത് സ്ഥാപനത്തില്‍ നിന്നും വെച്ചുപിടിക്കുകയായിരുന്നു!
കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ജീവനക്കാരി ഉടന്‍ തന്നെ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകളില്‍ തട്ടിപ്പുകാരന്റെ മുഖവും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് നിര്‍ണ്ണായക സൂചന ലഭിച്ചതായാണ് വിവരം. പയ്യന്നൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
