ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ഇസ്രായേല്‍ രാഷ്ട്രീയം കലുഷിതമാകുന്നു. ആക്രമണം നടക്കുന്നതിന് ഒന്നര ആഴ്ച മുന്‍പ് യു.എ.ഇ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടും നെതന്യാഹു അത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്ന് പ്രമുഖ ഇസ്രായേലി പത്രമായ 'ഹാറെറ്റ്‌സി'ലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
'ഹോസ്റ്റേജസ്: 843 ഡേയ്സ് ഓഫ് അബാന്‍ഡന്‍മെന്റ്' എന്ന പുസ്തകത്തിലാണ് നിര്‍ണായകമായ ഈ ആരോപണങ്ങളുള്ളത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് യു.എ.ഇ പ്രസിഡന്റ് നെതന്യാഹുവിനെ സുരക്ഷിതമായ പ്രത്യേക ഫോണ്‍ വഴി നേരിട്ട് വിളിച്ച് 45 മിനിറ്റോളം സംസാരിച്ചിരുന്നു. മേഖലയെ ഒന്നാകെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള വലിയൊരു ആക്രമണത്തിന് ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു യു.എ.ഇ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഈ വിവരത്തോട് വളരെ ശാന്തമായും നിര്‍വികാരമായുമാണ് നെതന്യാഹു പ്രതികരിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.
അതേസമയം, പുസ്തകത്തിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ നെതന്യാഹുവിന്റെ ഓഫീസ്, വാര്‍ത്തകള്‍ 'പച്ചക്കള്ളമാണെന്ന്' വിശേഷിപ്പിച്ചു. യു.എ.ഇയില്‍ നിന്ന് അത്തരമൊരു നേരിട്ടുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ അത് ഇരുരാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴിയാണ് കൈമാറാറുള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വരാനിരിക്കുന്ന ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷ കക്ഷികള്‍ വലിയ ആയുധമാക്കിയിരിക്കുകയാണ്. നെതന്യാഹുവിന് രാജ്യത്തെ നയിക്കാനുള്ള ധാര്‍മിക യോഗ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാക്കളായ ഗാഡി ഐസന്‍കോട്ടും യായര്‍ ഗോലാനും ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു, അത് നിങ്ങള്‍ അവഗണിച്ചു, പരാജയപ്പെട്ടു; രാജ്യത്തെ അപകടത്തിലാക്കിയ താങ്കള്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല,' പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഹമാസ് ആക്രമണത്തില്‍ 1,200-ഓളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 73,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നെതന്യാഹു സര്‍ക്കാര്‍ ഇപ്പോഴും നിരസിക്കുകയാണ്.
