ഒരു യുവാവിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രകോപനമായി; 22-കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; സംഭവം വാഹനാപകടമെന്ന് വരുത്താനും ശ്രമം; ഗുജറാത്തില്‍ നടന്നത് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല!

ഒരു യുവാവിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രകോപനമായി; 22-കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; സംഭവം വാഹനാപകടമെന്ന് വരുത്താനും ശ്രമം; ഗുജറാത്തില്‍ നടന്നത് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല!


അഹമ്മദാബാദ്: ഒരു യുവാവിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രകോപിതരായി 22-കാരിയായ യുവതിയെ സ്വന്തം അച്ഛനും സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സംഭവം വാഹനാപകടമായി ചിത്രീകരിക്കാനും ഇരുവരും ശ്രമിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന സോഫിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് ഫറൂഖ്, സഹോദരന്‍ മുഹമ്മദ് ഹാബില്‍ (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രിയില്‍ സോഫിയയെയും കൂട്ടി ഇരുചക്രവാഹനത്തില്‍ ഇറങ്ങിയ പിതാവും സഹോദരനും, ഘെല്‍ജിപുര ഗ്രാമത്തിന് സമീപമുള്ള വിജനമായ ഒരു ഇടവഴിയിലേക്ക് വാഹനം തിരിച്ചുവിട്ടു. തുടര്‍ന്ന് ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പ് ചുറ്റികയെടുത്ത് ഹാബില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സോഫിയ സംഭവസ്ഥലത്തുതന്നെ ബോധരഹിതയായി വീണു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രധാന റോഡിലേക്ക് മാറ്റിക്കിടത്തുകയും, വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുചക്രവാഹനം തര്‍ക്കുകയും ചെയ്തു. പിന്നാലെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം തങ്ങളുടെ ബൈക്കില്‍ ഇടിച്ചതാണെന്നും, സോഫിയയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ആരോപിച്ച് ഹാബില്‍ തന്നെ പോലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.


പരിക്കേറ്റ സോഫിയയെ സോളാ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാഹനാപകടമല്ലെന്നും ആസൂത്രിതമായി നടന്ന ദുരഭിമാനക്കൊലയാണെന്നും വ്യക്തമായത്.


മൂന്ന് മാസം മുന്‍പ് സോഫിയയും ഒരു യുവാവും ഒപ്പമുള്ള വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് കുടുംബത്തിന് സമൂഹത്തിലുണ്ടായ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. ആസൂത്രണം ചെയ്തതനുസരിച്ച് അടിവസ്ത്രത്തിനുള്ളില്‍ ചുറ്റിക ഒളിപ്പിച്ചു വെച്ചാണ് ഹാബില്‍ പെണ്‍കുട്ടിയുമായി യാത്രതിരിച്ചത്. നിലവില്‍ അറസ്റ്റിലായ ഇരുവര്‍ക്കുമെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.