ഓപ്പറേഷൻ ഗ്രിപ്പ് : 29 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി കണ്ണൂര്‍ സിറ്റി പോലീസിന്റെ പിടിയില്‍

ഓപ്പറേഷൻ ഗ്രിപ്പ് : 29 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി കണ്ണൂര്‍ സിറ്റി പോലീസിന്റെ പിടിയില്‍

 


കണ്ണൂർ: വധശ്രമക്കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസല്‍ (51) ആണ് കണ്ണൂരില്‍ വെച്ച്‌ പിടിയിലായത്.

1997 ജനുവരി 3ന് അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം അഴീക്കോട് സ്വദേശി സുനില്‍ കുമാറിനെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഫസല്‍. സംഭവത്തെ തുടർന്ന് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.

വർഷങ്ങളോളം ദുബായില്‍ കഴിഞ്ഞ ഫസല്‍ പിന്നീട് പോളണ്ടിലും കഴിഞ്ഞ അഞ്ച് വർഷമായി അയർലണ്ടിലും ജോലി ചെയ്ത് താമസിച്ചുവരികയായിരുന്നു. തുടർച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് 2002ല്‍ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് നല്‍കിയ നിർദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്