ദുബായ് ആപ്പിൾ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ കാത്തിരുന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന 36 ഐഫോണുകൾ സ്വന്തമാക്കി രണ്ട് യുവാക്കൾ. റൈഹാൻ, മുഹമ്മദ് ഷബീബ് എന്നീ ദുബായ് പ്രവാസികളാണ് പുതിയ ഐഫോൺ മോഡലുകൾ വാങ്ങാൻ ദുബായ് മോൾ പാർക്കിംഗിൽ രാത്രി ഉറക്കമിളച്ച് കാത്തുനിന്നത്.
സ്റ്റോറിന് തൊട്ടടുത്താണ് താമസമെങ്കിലും ഉറങ്ങിപ്പോയാൽ ടൈം സ്ലോട്ട് നഷ്ടപ്പെടുമെന്ന ഭയത്താലാണ് തലേദിവസം രാത്രി തന്നെ ഇവർ ദുബായ് മോളിലെത്തിയത്. രാവിലെ 6 മണിയോടെ സ്റ്റോറിലെത്തി ഐഫോണുകൾ സ്വന്തമാക്കുകയായിരുന്നു.
ഒറ്റദിവസം കൊണ്ട് 4,00,000 യുഎഇ ദിർഹം (ഏകദേശം 1 കോടി രൂപ) ചെലവഴിച്ചാണ് ഇവർ 36 ഐഫോണുകൾ വാങ്ങിയത്. സുഹൃത്തുക്കൾക്കും ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്കും വേണ്ടിയാണ് ഫോണുകൾ വാങ്ങിയത്. 14 എണ്ണം ദുബായ് മോളിൽ നിന്നും ബാക്കിയുള്ളവ മോൾ ഓഫ് ദി എമിറേറ്റ്സിൽ നിന്നുമാണ് ശേഖരിച്ചത്.
കഴിഞ്ഞ 14 വർഷമായി ഇവർ പുതിയ ഐഫോൺ ലോഞ്ച് സമയത്ത് ഇത്തരത്തിൽ വൻതോതിൽ ഫോണുകൾ വാങ്ങാറുണ്ട്. അടുത്ത ദിവസത്തേക്ക് മാത്രം മറ്റ് 40 ഐഫോണുകൾ കൂടി ഇവർ ബുക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം പുതിയ ഐഫോണുകൾ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് അനുഭവപ്പെട്ടത്.

